
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെ കാണാതായെന്ന് പരാതി. കൊഞ്ചിറവിള സമദർശിനി നഗർ വേളിവിളാകത്ത് വീട്ടിൽ ഋതുഗാമിയെയാണ് (33) രണ്ട് ദിവസമായി കാണാനില്ലാത്തത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യാ സഹോദരനാണ് പരാതി നൽകിയത്. വെള്ളിയാഴ്ച രാത്രി 10ന് ഡ്യൂട്ടിക്ക് പോകുന്നതായി പറഞ്ഞാണ് ഋതുഗാമി വീട്ടിൽ നിന്നിറങ്ങിയത്. നാലാഞ്ചിറയിൽ ബൈക്ക് വച്ച് ഇദ്ദേഹം നടന്നുപോകുന്ന സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോൺ നമ്പറുകളും ഓഫ് ചെയ്ത നിലയിലാണ്. അയർലൻഡിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവർത്തകർ പറയുന്നു. സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഋതുഗാമിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് സ്റ്റേഷനുകളിലും വിവരം നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പരുകളിൽ 9496466937,8136975367,9746130089 ബന്ധപ്പെടണം.