cpi

തിരുവനന്തപുരം: കണ്ണൂർ, കാലടി സർവകലാശാലാ വി.സി നിയമന വിഷയങ്ങളിൽ സർക്കാരിനോടിടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ. വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യവും ബാലിശവുമായ വിവാദമാണ് അദ്ദേഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അതിന് പിന്നിൽ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്ന് സംശയിച്ചാൽ തെറ്റാവില്ലെന്നും പാർട്ടി മുഖപത്രം മുഖപ്രസംഗത്തിൽ പറഞ്ഞു.

ഗവർണർ പദവി തന്നെ അനാവശ്യമാണെന്ന സംവാദം ശക്തമായിക്കൊണ്ടിരിക്കെയാണ് ,ആ പദവിയുപയോഗിച്ച് മാദ്ധ്യമശ്രദ്ധ നേടാനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റാനുമുള്ള ശ്രമങ്ങൾ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്. കേന്ദ്രത്തിന് സംസ്ഥാന സർക്കാരുകളുടെ മേൽ അനാവശ്യമായ ഇടപെടലുകൾ നടത്താനുള്ള ഒന്നായി ഗവർണർ പദവി ഉപയോഗിക്കപ്പെടുത്തുന്ന സ്ഥിതിയുണ്ടായിരുന്നു. കോൺഗ്രസിന്റെ കാലത്ത് പാർട്ടിയിലെ പ്രായമായവർക്കും ഗ്രൂപ്പ് എതിരാളികൾക്കും നൽകാനുള്ളതായി അതിനെ മാറ്റി. ബി.ജെ.പിയാകട്ടെ, അത് പാർട്ടിക്കാർക്കും വിധേയർക്കും വിശ്വസ്തർക്കുമുള്ള ഇടമാക്കി മാറ്റി.

ബി.ജെ.പിയുടെ ഓഫീസിൽ നിന്നെഴുതി നൽകുന്നത് വായിക്കുകയും തിട്ടൂരങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതിന് പല ഉദാഹരണങ്ങളുണ്ട്.

പക്ഷേ, പല തവണ ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടും പരിഹാസ്യനാകേണ്ടിവന്ന മുൻകാല അനുഭവങ്ങൾ ആരിഫ് മുഹമ്മദ് ഖാൻ ഓർക്കുന്നില്ലെന്നത് ആ പദവിയെയാണ് അപകീർത്തിപ്പെടുത്തുന്നത്. ഇതിന് മുമ്പ് വിവാദമുണ്ടാക്കിയ ഒരു വിഷയത്തിലും ഗവർണർക്ക് മേൽക്കൈ നേടാനായില്ലെന്നു മാത്രമല്ല, ജനകീയാഭിപ്രായം അനുകൂലമാക്കാനുമായില്ല. ഇത്രയുമേ ആ പദവിക്ക് അധികാരമുള്ളൂവെന്ന് മനസ്സിലാക്കാത്തത് ആ വ്യക്തിയുടെ കുഴപ്പമാണ്. പദവിയുടെയോ സർക്കാരിന്റെയോ പിശകല്ല. മന്ത്രിസഭയും ഗവർണറുമായി വിയോജിപ്പുകൾ സ്വാഭാവികമാണ്. അത് അനാവശ്യവിവാദത്തിലേക്ക് നയിക്കുന്നത് ആശാസ്യമാണോയെന്ന് അദ്ദേഹം പരിശോധിക്കണമെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.