
ആറ്റിങ്ങൽ: ശോച്യാവസ്ഥയിലായ ആറ്റിങ്ങൽ നഗരസഭ മാർക്കറ്റിന്റെ നവീകരണം വൈകുന്നത് വ്യാപാരികളെ വലയ്ക്കുന്നു. രൂക്ഷമായ വെള്ളക്കെട്ട് കാരണം മാർക്കറ്റിലേക്ക് കയറാൻപോലും ജനങ്ങൾ മടിക്കുകയാണ്. മാർക്കറ്റിലെത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം. പലരും മാർക്കറ്റ് കെട്ടിടങ്ങളുടെ മറവാണ് ശങ്ക തീർക്കാനായി ഉപയോഗിക്കുന്നത്. സ്ത്രീകളുടെ കാര്യമാണ് ഏറെ കഷ്ടം. തിരികെ വീടെത്തുന്നതുവരെ സഹിക്കുക മാത്രമാണ് ഇവർക്കുള്ള ഏക പോംവഴി. പൊതുഇടങ്ങളിലുള്ള മലമൂത്ര വിസർജനം പകർച്ചവ്യാധി ഭീഷണിയും വർദ്ധിപ്പിക്കുന്നുണ്ട്.
രാത്രിയായാൽ വെളിച്ചമില്ലാത്തതും മറ്റൊരു പ്രശ്നമാണ്. ഇരുട്ടിന്റെ മറവിൽ പതിയിരിക്കുന്ന തെരുവുനായ്ക്കളെ ഭയന്ന് സന്ധ്യമയങ്ങിയാൽ ആരും ഉള്ളിലേക്ക് കടക്കാറില്ല. മാർക്കറ്റിന്റെ ശോച്യാവസ്ഥ കാരണം കച്ചവടക്കാർ റോഡിന് ഇരുവശവും ഇരുന്നാണ് കച്ചവടം നടത്തുന്നത്. ഇത് ഗതാഗത പ്രശ്നങ്ങളും വർദ്ധിപ്പിക്കുന്നു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ തകരാറിലായതിനാൽ പലയിടത്തും മാലിന്യങ്ങളും കുന്നുകൂടി കിടക്കുകയാണ്. വർഷങ്ങളായി ഈ ദുരവസ്ഥ തുടരുന്നതിനാൽ പല കച്ചവടക്കാരും മാർക്കറ്റിനെ ഉപേക്ഷിച്ചമട്ടാണ്. വിഷയത്തിൽ പരാതി പറഞ്ഞുമടുത്ത ഇവർക്ക് ഒരു പരിഹാരം നിർദ്ദേശിക്കാൻ നഗരസഭാ അധികൃതർക്കും സാധിക്കുന്നില്ല.
മത്സ്യക്കച്ചവടവും പൊതുവഴിയിൽ
മാർക്കറ്റിനുള്ളിൽ നഗരസഭ നിർമ്മിച്ച മത്സ്യവില്പന കേന്ദ്രത്തിൽ കച്ചവടം നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. ഈ കടകൾക്കു സമീപം അറവിന് കൊണ്ടു വരുന്ന മാടുകളെ കെട്ടുന്നതിനാൽ പരിസരമാകെ മലിനമായി. ഇവിടെ തെരുവുനായ്ക്കൾ തമ്പടിച്ചതും മറ്റൊരു പ്രശ്നമാണ്. വെറും മൂന്നുമാസം മാത്രമാണ് മത്സ്യ സ്റ്റാൾ നല്ലരീതിയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് കൂടുതൽ കച്ചവടം നടന്നിരുന്നത്. രാത്രി കച്ചവടത്തിനുള്ള സൗകര്യത്തിനായി ഇവിടെ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് പ്രവർത്തിച്ചതും രണ്ടുമാസം മാത്രമാണ്. മാർക്കറ്റിൽ വെളിച്ചമില്ലാത്തതിനാൽ പ്രവേശന കവാടത്തിലിരുന്നാണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്.
കരത്തിന് കുറവില്ല
വ്യാപാരം നടന്നില്ലെങ്കിലും നഗരസഭയ്ക്ക് കരം നൽകേണ്ട അവസ്ഥയായതിനാൽ കച്ചവടക്കാരുടെ എണ്ണവും കുറയുകയാണ്. ഒരു പാത്രം മീൻ ചന്തയിൽ വച്ച് കച്ചവടം ചെയ്താൽ 250 രൂപ കരം കൊടുക്കണമെന്നാണ് ഇവർ പറയുന്നത്. മാർക്കറ്റിനുള്ളിൽ നഗരസഭ നിർമ്മിച്ച കെട്ടിടങ്ങളിൽ പച്ചക്കറിക്കടകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മാർക്കറ്റിന്റെ ശോച്യാവസ്ഥ കാരണം ഇവയിലെല്ലാം കച്ചവടം കുറവാണ്. ഒരു കടയ്ക്ക് മാസം 7500 രൂപ വാടകയാണ് നിശ്ചയിച്ചുള്ളത്. രാവിലെ മുതൽ രാത്രിവരെ കട തുറന്നിരുന്നാലും പല ദിവസങ്ങളിലും 500 രൂപയ്ക്കുപോലും കച്ചവടം നടക്കുന്നില്ല. മാർക്കറ്റ് നവീകരിച്ച് മാലിന്യ മുക്തമാക്കി ആവശ്യത്തിന് വെളിച്ചവും എത്തിച്ചാൽ മാത്രമേ സാധനങ്ങൾ വാങ്ങാൻ ആളുകളെത്തൂ. അതുവരെയെങ്കിലും വാടക കുറയ്ക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
""ആറ്റിങ്ങൽ മാർക്കറ്റിന്റെ നവീകരണത്തിന് പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. അത് ഉടൻ നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം. പദ്ധതികൾ പൂർത്തിയാകുന്നതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.""
അഡ്വ. എസ്. കുമാരി,
നഗരസഭാ ചെയർപേഴ്സൺ,