നെടുമങ്ങാട്: വീടിന്റെ അടിത്തറ ഇളക്കി മഴയിൽ തകർന്നു വീണ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കാൻ ധനസഹായത്തിന് വകുപ്പില്ലെന്ന് ദുരന്ത നിവാരണ അതോറിട്ടി. കഴിഞ്ഞ ഒക്ടോബർ 16 ന് രാത്രിയിലുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 12 മീറ്റർ താഴ്ചയിൽ സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ ചെന്തുപ്പൂര് പെരുനെല്ലിവിള കൃഷ്ണ നിലയത്തിൽ പി. നിർമ്മലയുടെ വീടിനാണ് ധനസഹായത്തിന് അർഹത ഇല്ലെന്ന അധികൃതരുടെ സർട്ടിഫിക്കറ്റ്. വട്ടപ്പാറ വില്ലേജ് ഓഫീസറും നെടുമങ്ങാട് നഗരസഭ ഓവർസിയറും വീടിന്റെ സുരക്ഷ സംബന്ധിച്ച് റവന്യു അധികാരികൾക്ക് സമർപ്പിച്ച റിപ്പോർട്ട് അവഗണിച്ചാണ് ദുരന്ത നിവാരണ ഉദ്യോഗസ്ഥരുടെ 'കണ്ടെത്തൽ". അപകടാവസ്ഥ കണക്കിലെടുത്ത് നിർമ്മലയെയും കുടുംബത്തെയും വീട്ടിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് വില്ലേജ് അധികൃതർ. മഴ തുടർന്നാൽ വീട് തകരാൻ ഇടയുണ്ടെന്നും സമീപത്തെ മൂന്ന് വീടുകളുടെ സുരക്ഷ ആശങ്കയിലാണെന്നും ബന്ധപ്പെട്ടവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ അതോറിട്ടി തീരുമാനം പുനഃപരിശോധിക്കണമെന്നും സാങ്കേതിക പരിശോധന റിപ്പോർട്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. രണ്ടു മാസം മുമ്പ് ഭർത്താവ് കൃഷ്ണൻ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് മനോനില തെറ്റി ചികിത്സയിലാണ് നിർമ്മല. ഒരു അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള മകൻ സുരേഷും ഭാര്യയും കൈക്കുഞ്ഞുമാണ് അപകട ഭീതി ഉയർത്തുന്ന വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ വാടക വീടെടുത്ത് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് നഗരസഭാധികൃതർ.