നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലും പരിസരപ്രദേശങ്ങളിലും അഴിഞ്ഞാടി ലഹരിമാഫിയ. പതിനഞ്ചിനും ഇരുപതിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളെ കരുവാക്കിയാണ് ലഹരിക്കടത്തും കച്ചവടവും നടക്കുന്നത്. വിദ്യാർത്ഥികളെ ചെറിയതോതിൽ ലഹരി നൽകി തങ്ങളുടെ വശത്താക്കുകയാണ് ഇവർ ചെയ്യുന്നത്. പിന്നീട് ആഢംബര ബൈക്കുകളും മറ്റ് സമ്മാനങ്ങളും നൽകി ലഹരിവിൽപ്പനയിൽ കണ്ണികളാക്കും. ഇതിനോടൊപ്പം സുലഭമായി ലഹരി ഉപയോഗിക്കാനും അവസരം ലഭിക്കുന്നതോടെ നിരവധി വിദ്യാർത്ഥികളാണ് ഇവരുടെ വലയിൽ വീഴുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ നെയ്യാറ്റിൻകര താലൂക്കിനുളളിൽ നിന്ന് പൊലീസും എക്സൈസും ചേർന്ന് പിടികൂടിയത് 100 കിലോയിലധികം കഞ്ചാവാണ്. ഇതിൽ 60 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തതാകട്ടെ ആറാലുംമൂടിന് സമീപത്തു നിന്നായിരുന്നു. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആറാലുംമൂടിന് സമീപത്തുനിന്ന് 25 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലാകുകയും ചെയ്തു. എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരെ സാഹസികമായാണ് കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടിയത്.
നെയ്യാറ്റിൻകരയിലെ ഒരു ഗുണ്ടാനേതാവാണ് കഞ്ചാവ് വിതരണത്തിന് പിന്നലെന്നാണ് വിവരം.
നാല് ദിവസം മുമ്പ് ആളില്ലാത്ത വീട്ടിൽ സൂക്ഷിച്ചിരുന്ന 34 കിലോ കഞ്ചാവ് നെയ്യാറ്റിൻകര പൊലീസും പിടികൂടി. പത്താംകല്ലിന് സമീപമാണ് വീടിന്റെ ഉമ്മറത്ത് 3 ബാഗുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. ഒരു മാസത്തോളമായി അടച്ചിട്ടിരുന്ന വീട്ടിൽ ഗൃഹനാഥൻ തിരിച്ചെത്തിയപ്പോഴാണ് ഉമ്മറത്തെ കട്ടിലിനടിയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.
ലഹരി എത്തുന്നത് ആഘോഷങ്ങൾ കൊഴുപ്പിക്കാൻ
നെയ്യാറ്റിൻകരയിലെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന വ്യാപകമായിട്ടുള്ളത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ കൊഴുപ്പിക്കാനാണ് അതിർത്തി കടന്ന് ലഹരി ഒഴുകുന്നത്. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളും ഏറുകയാണ്. ലഹരി വിൽപ്പനയെക്കുറിച്ച് വിവരം നൽകിയതിന്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചതാണ് അവസാന സംഭവം. ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നതിനാൽ പ്രത്യേക സ്ക്വാഡിനെ വിന്യസിച്ച് പരിശോധന ശക്തമാക്കണമെന്നും ലഹരിമാഫിയയെ തുടച്ചുനീക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.