accident-death

മലയിൻകീഴ്: അമിതവേഗത്തിൽ എതിരേവന്ന ബൈക്ക് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് തെറിച്ചുവീണ എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാഷണൽ സ്‌കൂൾ ഒഫ് ഇംഗ്ലീഷിന്റെ പ്രിൻസിപ്പലുമായ നെയ്യാറ്റിൻകര നിലമേൽ പനങ്ങാട്ട്കരി വിശ്വംവീട്ടിൽ വിഎസ്. സജീവ് കുമാറിന്റെയും ബിന്ദുവിന്റെയും മകൻ സന്ദീപാണ് (19) മരിച്ചത്.

ഇന്നലെ രാവിലെ 8.30ഓടെ തൂങ്ങാംപാറ കാളിദാസ തിയേറ്ററിന് സമീപത്തായിരുന്നു അപകടം. കുറ്റിച്ചൽ ലൂർദ്മാതാ എൻജിനിയറിംഗ് കോളേജിലെ രണ്ടാംവർഷ മെക്കാനിക്കൽ വിദ്യാർത്ഥിയാണ്. കോളേജിലേക്ക് പോകവേ കാട്ടാക്കട ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ നെല്ലിക്കാട് സ്വദേശിയുടെ ബൈക്ക് റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സന്ദീപിന്റെ ബൈക്കിലിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട സന്ദീപിന്റെ ബൈക്ക് വഴിയാത്രക്കാരൻ ഉൾപ്പെടെ അഞ്ചുപേരെ ഇടിച്ചുവീഴ്‌ത്തി. കൂട്ടിയിടിക്കുശേഷം സന്ദീപ് റോഡ് സൈഡിലെ സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു.

ഓടിക്കൂടിയവർ പ്രഥമ ശുശ്രൂഷ നൽകിയശേഷം സന്ദീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാൽനട യാത്രക്കാരനായ തൂങ്ങാംപാറ സ്വദേശിയും സി.ഐ.ടി.യു തൊഴിലാളിയുമായ വിജയന്റെ രണ്ട് കാൽപ്പാദവും അറ്രുപോയി. യാത്രക്കാരായ അമ്പിളി, സെയ്ദ് എന്നിവർക്ക് ഗുരുതര പരിക്കും മറ്റൊരാൾക്ക് നിസാര പരിക്കുമുണ്ട്. അപകടത്തിൽപ്പെട്ട ബൈക്ക് അമിത വേഗതയിലായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്ലസ്ടു വിദ്യാർത്ഥിയായ സാന്ദ്രയാണ് സഹോദരി. മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.