photo

നെടുമങ്ങാട്: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ നെടുമങ്ങാട് -അരുവിക്കര -വെള്ളനാട് റോഡ് നവീകരണത്തിന് ഒടുവിൽ പച്ചക്കൊടി. സ്ഥലമെടുപ്പിൽ കുടുങ്ങി അനിശ്ചിതത്വത്തിലായ നവീകരണമാണ് ആരംഭിക്കുന്നത്. റോഡിന്റെ വീതി 10 മീറ്ററായി നിശ്ചയിക്കുകയും ഏറ്റെടുക്കുന്ന സ്ഥലത്തിന് പൊന്നുംവില ഉറപ്പാക്കുകയും ചെയ്തതോടെയാണ് തടസങ്ങൾ നീങ്ങിയത്.

നെടുമങ്ങാട്, അരുവിക്കര നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിന് 9 മീറ്റർ വീതിയാണ് ആദ്യഘട്ടത്തിൽ പി.ഡബ്ലിയു.ഡി തീരുമാനിച്ചിരുന്നത്. കിഫ്‌ബി ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ നവീകരണം അവതാളത്തിലാകുകയായിരുന്നു. മന്ത്രി ജി.ആർ. അനിലും ജി.സ്റ്റീഫൻ എം.എൽ.എയും മുൻകൈയെടുത്തതോടെയാണ് 10 മീറ്റർ വീതി എന്ന കിഫ്‌ബിയുടെ നിർദേശം അംഗീകരിച്ചത്. നെടുമങ്ങാട് മണ്ഡലം പരിധിയിലെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായിട്ടുണ്ട്. അരുവിക്കര മണ്ഡലത്തിലെ ഭൂഉടമകളുടെ ആശങ്ക പരിഹരിക്കാൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ശനിയാഴ്ച വീണ്ടും യോഗം ചേരും.

നടുവൊടിക്കും യാത്ര...

കുണ്ടുംകുഴിയും നിറഞ്ഞ അരുവിക്കര റോഡിലൂടെയുള്ള യാത്ര നിലവിൽ യാത്രക്കാരുടെ നടുവൊടിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസ്, കെ.എസ്.ഇ.ബി ഓഫീസ്, വാട്ടർ അതോറിറ്റി ഓഫീസ്, സഹകരണ ബാങ്കുകൾ, ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, ടെക്‌നിക്കൽ ഹൈസ്കൂൾ, ഗവ. പോളിടെക്നിക്, എൽ.പി.എസ്, വിവിധ ദേവാലയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് റോഡരികിലുള്ളത്. തിരക്കേറിയ റോഡിൽ ശക്തമായ നീരൊഴുക്കിനെ തുടർന്ന് വലിയെ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. ഓട ഇല്ലാത്തതാണ് റോഡിന്റെ

തകർച്ചയുടെ പ്രധാന കാരണം. മൈലമ്മൂട്, മുള്ളിലവിൻമൂട്, വെള്ളൂർക്കോണം, കളത്തറ, മഞ്ച എന്നിവിടങ്ങളിൽ അപകടങ്ങളും പതിവായി.

നഷ്ടപരിഹാരം ഈ വിധം ...

ചന്തമുക്കിൽ നിന്ന് ആരംഭിച്ച് മഞ്ച, കളത്തറ, മുള്ളിലവിൻമൂട് വഴി അരുവിക്കര ജംഗ്ഷനിലെത്തി പൊലീസ് സ്റ്റേഷൻ ജംഗ്‌ഷൻ വഴി വെള്ളനാട്ടെ കുളക്കോട്ട് അവസാനിക്കുന്ന രീതിയിൽ 10. 05 കി.മീറ്റർ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കാനാണ് തീരുമാനം. നിലവിലെ റോഡിന്റെ വീതി വർദ്ധിപ്പിച്ച് ആവശ്യമായ സ്ഥലങ്ങളിൽ ഓടയും സംരക്ഷണ ഭിത്തിയും കലുങ്കുകളും നടപ്പാതയും നിർമ്മിക്കും. ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി 10.32 കോടി രൂപയും അനുവദിച്ചു. കൂടാതെ, വാട്ടർ അതോറിട്ടിയുടെ എസ്റ്റിമേറ്റ് പ്രകാരം പൈപ്പ് മാറ്റിസ്ഥാപിക്കാൻ 3 കോടി രൂപയും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ 26.30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണി ഉടൻ

നവീകരണ ജോലികൾ ആരംഭിക്കാൻ മൂന്ന് മാസമെങ്കിലും വേണമെന്നാണ് അധികൃതരുടെ നിഗമനം. റോഡിന്റെ നിലവിലെ സ്ഥിതി പരിതാപകരമായതിനാൽ അടിയന്തര അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതിനു കിഫ്‌ബി സ്‌പെഷ്യൽ ഫണ്ട് നീക്കിവച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്തുന്നതോടെ യാത്രക്കാരുടെ ദുരിതത്തിന് താത്കാലിക ആശ്വാസമാകും.

"'' സൗജന്യമായാണ് സ്ഥലമെടുപ്പ് എന്ന തെറ്റിദ്ധാരണ ഒഴിവാക്കണം, മാന്യമായ നഷ്ടപരിഹാരം അനുവദിക്കും. ഈ മാസം തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കും.""

ജീജ (എക്സി.എൻജിനിയർ, കിഫ്‌ബി)