തിരുവനന്തപുരം: സിൽവർ ലൈൻ റെയിൽപ്പാത നിർമ്മാണത്തിന്റെ പേരിൽ പരിസ്ഥിതിയെ തകർക്കാനും വീടുകളും വസ്‌തുക്കളും തൊഴിലിടങ്ങളും ആരാധനാലയങ്ങളും പിടിച്ചെടുക്കാനുമുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് മുരുക്കുംപുഴ കെ - റെയിൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് മംഗലപുരം പഞ്ചായത്ത്‌ ഓഫീസിന് മുമ്പിൽ ബഹുജന കൂട്ടധർണയും മനുഷ്യച്ചങ്ങലയും നടത്തുന്നു. ധർണയുടെ ഉദ്ഘാടനം വി.എം. സുധീരൻ നിർവഹിക്കും. സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തും. മുരുക്കുംപുഴ ജനകീയ സമരസമിതി പ്രസിഡന്റ്‌ എ.കെ. ഷാനവാസ്‌ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സന്നദ്ധസംഘടാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.