കിളിമാനൂർ: പുളിമാത്ത് അലയ്ക്കോണം പഞ്ചായത്തു കിണറ്റിൽ നാലുദിവസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്നോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.
ഉടൻതന്നെ ഇവർ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണിതെന്ന് പൊലീസ് അറിയിച്ചു. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതി മോർച്ചറിയിലേക്ക് മാറ്റി.