photo

നെടുമങ്ങാട്: ബൈക്കിടിച്ച് മരിച്ച സി.പി.എം ആനാട് ലോക്കൽ കമ്മിറ്റി മുൻ അംഗവും കെ.എസ്.ആർ.ടി.ഇ.എ നേതാവുമായ ആനാട് പഞ്ചമിയിൽ ജി. മോഹനൻ നായർക്ക് (67) നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും അന്ത്യാഞ്ജലി. സി.പി.എം നെടുമങ്ങാട് ഏരിയ സമ്മേളനത്തിന്റെ സംഘാടകസമിതി അംഗമെന്ന നിലയിൽ സജീവ പ്രവർത്തനത്തിൽ മുഴുകിയിരിക്കെ ഉണ്ടായ അപകടം പാർട്ടി പ്രവർത്തകരെ ദുഃഖത്തിലാഴ്ത്തി. ഏറെക്കാലം കെ.എസ്.ആർ.ടിസി ചെക്കിംഗ് ഇൻസ്പെക്ടറായിരുന്ന ആനാട് മോഹനൻ നായർ രണ്ടുതവണ ആനാട് ഗ്രാമ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.

പൊതുദർശനത്തിനു ശേഷം മൃതദേഹം നെടുമങ്ങാട് ശാന്തിതീരം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. വൻ ജനാവലി അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. ഞായറാഴ്ച രാവിലെ വീടിനു മുന്നിൽ വച്ചാണ് മോഹനൻ നായരെ ബൈക്കിടിച്ചത്. മറ്റൊരു പ്രവർത്തകനെ കാണാൻ റോഡു മുറിച്ചുകടക്കുന്നതിനിടെ ചുള്ളിമാനൂർ ഭാഗത്തു നിന്നു അമിത വേഗത്തിൽ വന്ന ബൈക്ക് മോഹനൻനായരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പാർട്ടി പ്രവർത്തകരും ബന്ധുക്കളും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.