പോത്തൻകോട്: ആറ്റിങ്ങൽ ചെമ്പകമംഗലം സ്വദേശി സുധീഷ്, പോത്തൻകോട് കല്ലൂരിലെ ബന്ധുവീട്ടിൽ വെട്ടേറ്റുമരിച്ച സംഭവത്തിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെ കണ്ടെത്തിയത് ഭാര്യാ സഹോദരൻ മിഠായി ശ്യാം വഴി. ആറ്റിങ്ങൽ മങ്ങാട്ടുമൂലയിൽ ഈ മാസം ആറിന് നടന്ന സംഘർഷത്തിന് ശേഷമാണ് സുധീഷ് കല്ലൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ താമസിച്ചിരുന്നത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ടു നടന്ന സംഘർഷത്തിനിടെ സുധീഷ് ശ്യാമിനെ മർദ്ദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും തമ്മിൽ ശത്രുതയിലായത്.
അക്രമികൾ സുധീഷിനെ തേടി എത്തുന്നതിന് തൊട്ടു മുമ്പ് ഇരുവരുടേയും ഒരു സുഹൃത്ത് സുധീഷിന്റെ അടുത്തെത്തി മദ്യം നൽകിയതായി പൊലീസ് സംശയിക്കുന്നു. ഇതിന് പിന്നാലെ ഇയാൾ സുധീഷിനെക്കുറിച്ചുള്ള വിവരങ്ങൾ ശ്യാമിന് കൈമാറി. ശ്യാമാണ് ഒട്ടകം രാജേഷിനെയും ഉണ്ണിയേയും വിളിച്ചറിയിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം.
എന്നാൽ ശ്യാമിനെ വിവരങ്ങൾ അറിയിച്ച സുഹൃത്ത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കേസിലെ മൂന്നാം പ്രതിയായ മിഠായി ശ്യാമിനെ അറസ്റ്റു ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. സുധീഷിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും നേരത്തെ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും അറസ്റ്റിലായവർ മൊ ഴിനൽകി. ഇതിനിടെ കേസിലെ മറ്റൊരു പ്രതിയായ ജിഷ്ണുവിനെ തോന്നയ്ക്കൽ എ.ജെ. കോളേജിനു സമീപത്തുനിന്നും മംഗലപുരം പൊലീസ് പിടികൂടി.
ഹോട്ടലുകളിൽ പരിശോധന
വിഴിഞ്ഞം: കേസിലെ പ്രതികൾ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ തുടർന്ന്
കോവളത്തെയും പൂന്തുറയിലെയും ഹോട്ടലുകളിൽ പൊലീസ് പരിശോധന നടത്തി. കേസന്വേഷിക്കുന്ന എസ്.പിമാരും ഡിവൈ.എസ്.പിമാരും സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഇതോടൊപ്പം നഗരത്തിലെ ചില ലോഡ്‌ജുകളിലും പരിശോധന നടത്തി. ആരെയും കസ്‌റ്റഡിയിലെടുത്തിട്ടില്ല. ഹോട്ടലുകളിലെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.