villejofice

വിതുര: വിതുര വില്ലേജ് ഓഫീസിന് ശനിദശ തുടങ്ങിയിട്ട് കാലങ്ങളായി. മന്ദിരം ഇപ്പോഴും മഴയത്ത് ചോർന്നൊലിക്കുകയാണ്. പുതിയ മന്ദിരം നിർമ്മിക്കുവാൻ ഫണ്ട് അനുവദിച്ചെങ്കിലും നിർമ്മാണപ്രവർത്തനങ്ങളും അനന്തമായി നീളുകയാണ്. 2019 ലാണ് വിതുര വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിക്കുകയും ഫണ്ട് അനുവദിക്കുകയും തുടർന്ന് നിർമ്മാണോദ്ഘാടനം നടത്തുകയും ചെയ്തത്. ആദ്യം ദ്രുതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നെങ്കിലും ഇപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലാണ്. മാത്രമല്ല പരിസരം കാട് മൂടിയ നിലയിലാണ്. ഇതുസംബന്ധിച്ച് നാട്ടുകാർ അനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

അറ്റകുറ്റപ്പണികൾ ഒന്നും നടത്തുവാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ സ്വീകരിക്കാതെ വന്നതോടെ വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടം പൂർണമായും ക്ഷയിച്ചു. പുതിയ മന്ദിരം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അനവധി സമരങ്ങളും അരങ്ങേറിയിട്ടുണ്ട്. വിതുര വില്ലേജ് ഓഫീസിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. പുതിയ വില്ലേജ് ഓഫീസിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് അറിയിച്ചു.

ഉദ്ഘാടനം നടന്നിട്ടും...

മഴ പെയ്താൽ ചോർന്നൊലിക്കുന്ന കോൺക്രീറ്റ് മേൽക്കൂരയും ഇടിഞ്ഞു വീഴാറായ ചുവരുകളുമായി പരിമിതികൾക്കും പരാധീനതകൾക്കും നടുവിലാണ് വിതുര വില്ലേജ് ഓഫീസ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. ഫയലുകൾ മുഴുവൻ നനഞ്ഞു കുതിരും. ജീവനക്കാർ മഴയത്ത് കുടയും പിടിച്ചാണ് ഡ്യൂട്ടി നോക്കേണ്ടത്. വിതുര വില്ലേജ് ഓഫീസിനായി തേവിയോട് ജംഗ്ഷനിൽ നാട്ടുകാരുടെ സഹകരണത്തോടെ തേവിയോട് വികസനസമിതിയാണ് നിലവിലെ സ്ഥലം വാങ്ങി കെട്ടിടവും നിർമ്മിച്ചു നൽകിയത്. 2001 ഡിസംമ്പർ 18 ന് മന്ത്രി ജി. കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ റവന്യുവകുപ്പ് മന്ത്രിയായിരുന്ന കെ.എം. മാണിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ കാലക്രമേണ കെട്ടിടം ശോചനീയാവസ്ഥയിലാകുകയായിരുന്നു.

സ്മാർട്ട് ആക്കുവാൻ അനുവദിച്ചത്....... 44 ലക്ഷം

സ്മാർട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ചത്.....2019ൽ

** വാഗ്ദാനം മികച്ച സേവനം

പുതുതായി നിർമ്മിക്കുന്ന വില്ലേജ് ഓഫീസ് മന്ദിരത്തിൽ ജീവനക്കാർക്കായി വിശാലമായ സൗകര്യം ഒരുക്കുന്നതിനും ഓഫീസിൽ എത്തുന്നവർക്ക് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും വെയിറ്റിംഗ് ഏരിയയും കുടിവെള്ള സൗകര്യവും ഒരുക്കുമെന്നാണ് വാഗ്ദാനം. ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഭാവിയിൽ ഇ - ഫയലിംഗ് ലക്ഷ്യമിടുന്നുണ്ട്. സ്‍മാർട്ട് വില്ലേജ് ഓഫീസുകളുടെ പദ്ധതിയിൽ വിതുര വില്ലേജ് ഓഫീസിനെ കൂടി ഉൾക്കൊള്ളിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതിനെ തുടർന്നാണ് പട്ടികയിൽ ഉൾപ്പെടുത്തുകയും ഫണ്ട് അനുവദിക്കുകയും ചെയ്തത്.

**സ്മാർട്ട്‌ വില്ലേജ് ആകാൻ കേരളത്തിലെ തിരഞ്ഞെടുത്ത 50 വില്ലേജ് ഓഫീസുകളിൽ ഒന്നായി വിതുര വില്ലേജ് ഓഫീസിനെയും ഉൾപ്പെടുത്തുകയായിരുന്നു.ഇതിൽ മിക്ക പഞ്ചായത്തിലും പണി പൂർത്തീകരിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു.