1

തിരുവനന്തപുരം: മഴ മാറിയിട്ടും സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള നഗരത്തിലെ സ്‌മാർട്ട് റോഡ് നിർമ്മാണത്തിന് വേഗം കൂടാത്തത് ജനങ്ങളുടെ ദുരിതം ഇനിയും നീളും. ആദ്യ ഘട്ടത്തിൽ സ്‌മാർട്ടാകുന്ന നഗരത്തിലെ 12 റോഡുകളിൽ ആറെണ്ണത്തിന്റെ നിർമ്മാണമാണ് നിലവിൽ തുടങ്ങിയത്. ചില റോഡുകൾ നിർമ്മിക്കുന്നത് റോഡ് ഫണ്ട് ബോർഡായതിനാൽ നിലവിലെ റോഡുകൾ പൂർത്തിയായിട്ട് മതി പുതിയ റോഡുകളുടെ പണിയെന്നാണ് കരാറുകാർക്ക് നൽകിയ നിർദ്ദേശം.

ഇതോടെ പുതുവർഷത്തിലും ഗതാഗതക്കുരുക്കിൽ നട്ടംതിരിയാനാണ് നഗരവാസികൾക്ക് വിധി. സ്‌കൂളുകൾ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്കുണ്ട്. റോഡുകൾ അടച്ചതോടെ പാളയം, തമ്പാനൂർ, തൈക്കാട്, കിഴക്കേകോട്ട ഭാഗങ്ങളിലെ തിരക്കും ഇരട്ടിയായിട്ടുണ്ട്.

 രണ്ട് റോഡുകൾ തുറക്കും

ഇപ്പോൾ ജോലികൾ നടക്കുന്ന താലൂക്ക് ഓഫീസ് റോഡും മ്യൂസിയം പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള ആർ.കെ.വി റോഡും ജനുവരിയിൽ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആർ.കെ.വി റോഡും 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. സ്ട്രീറ്റ് വെൻഡിംഗ് സോണിന്റെ ഭാഗമായുള്ള കടകൾ കൂടി പൂർത്തിയായാൽ മതിയാകും. മാനവീയം വീഥിയിൽ സ്ട്രീറ്റ് വെൻഡിംഗ് സോണിനൊപ്പം കൾച്ചറൽ സ്ട്രീറ്റ് നിർമ്മാണവും ഒരുമിച്ചാണ് നടക്കുന്നത്.

 18 മാസത്തിൽ സ്‌മാർട്ട്

നഗരസഭയും കേരള റോഡ് ഫണ്ട് ബോ‌ർഡും കൺസൾട്ടൻസി സ്ഥാപനമായ ഐ.പി.ഇ ഗ്ളോബലും ചേർന്ന് നടത്തിവരുന്ന നിർമ്മാണം 2023ഓടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. റോഡിന് വശങ്ങളിലുള്ള വൈദ്യുതി പോസ്‌റ്റുകളും കേബിളുകളും ഒഴിവാക്കി പൂർണമായും സുരക്ഷയുള്ള ഗതാഗതമാണ് സ്‌മാർട്ട് റോഡുകളിലൂടെ ചെയ്യുന്നത്. ഈ റോഡുകൾക്ക് അടിയിൽ നിർമ്മിക്കുന്ന തുരങ്കങ്ങളിലൂടെയായിരിക്കും കേബിളുകൾ കടന്നുപോകുക

കുഴിയിൽ ചാടിച്ച് ജലഅതോറിട്ടിയും

ഒരു വശത്ത് സ്‌മാർട്ട് റോഡ് നിർമ്മാണം പുരോഗമിക്കുമ്പോൾ മറുവശത്ത് പൈപ്പിടാനും പൈപ്പ് പൊട്ടുമ്പോഴുമായി വാട്ടർ അതോറിട്ടിയും ജനങ്ങൾക്ക് ' നല്ലോണം പണി ' തരുന്നുണ്ട്. രണ്ടാഴ്‌ച മുമ്പ് വെള്ളയമ്പലത്ത് പൈപ്പ് പണിക്കായി എടുത്ത കുഴിയിൽ വീണ് ലോറി മറിഞ്ഞിരുന്നു. ഇത് ടാർ ചെയ്യാതെ കോൺക്രീറ്റ് കൊണ്ട് മൂടിയെങ്കിലും വീണ്ടും വലിയ കുഴിയായി മാറിയിട്ടുണ്ട്. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇരുചക്ര വാഹനങ്ങൾ ഈ കുഴികളിൽ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഡ്രെയിനേജ് പൈപ്പിടലും നഗരത്തിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ വർഷം രണ്ടായിട്ടും തീരാത്ത പണിയാണ് ഉള്ളൂർ - ആക്കുളം റോഡിൽ നടക്കുന്നത്. നാലാഞ്ചിറ കുരിശടി കുശവർക്കലിൽ പൈപ്പ് പണിക്കായി കുഴിയെടുത്ത ശേഷം മൂടാതിട്ടിരിക്കുന്നതിനാൽ രണ്ടുമാസമായി ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. പേരൂർക്കട മുതൽ മൺവിള വരെയുള്ള ഭാഗത്ത് പൈപ്പുലൈനിനാണ് ജലഅതോറിട്ടി കുഴിയെടുത്തത്. ചെളിയും കുഴിയുമായി കാൽനടയാത്ര പോലും ദുസഹമായിട്ടും കുഴി മൂടാൻ ഇതുവരെ അധികൃതർ ഇടപെട്ടിട്ടില്ല.

സ്‌മാർട്ടാകുന്ന റോഡുകൾ

 പനവിള - ആനിമസ്ക്രീൻ സ്‌ക്വയർ റോഡ് (കലാഭവൻ മണി റോഡ്)

 ബേക്കറി - ഫോറസ്റ്റ് ഓഫീസ് റോഡ്

 സ്‌പെൻസർ - എ.കെ.ജി റോഡ്

 മാനവീയം റോഡ്

 സ്റ്രാച്യൂ - ജനറൽ ആശുപത്രി റോഡ്

 കൈതമുക്ക് - പുന്നപുരം റോഡ്

തകർന്ന റോഡുകൾ

 മണക്കാട് - കല്ലാട്ടുമുക്ക്

 കരുമം - കൈമനം

 പാപ്പനംകോട് - മലയിൻകീഴ്

 തിരുമല - തൃക്കണ്ണാപുരം

 പേരൂർക്കട - പൈപ്പിൻമൂട്

 കുടപ്പനക്കുന്ന് - പേരൂർക്കട

 ശംഖുംമുഖം - വിമാനത്താവളം

 അട്ടക്കുളങ്ങര - കിള്ളിപ്പാലം

 പേട്ട - കൈതമുക്ക്

 പൂജപ്പുര - തിരുമല

 തകരപ്പറമ്പ് - ശ്രീകണ്ഠേശ്വരം