kerala

ചിറയിൻകീഴ്: സാമൂഹിക പ്രതിബദ്ധതയുള്ള പത്രമാണ് കേരളകൗമുദിയെന്ന് വി. ശശി എം.എൽ.എ പറഞ്ഞു. കേരളകൗമുദിയും ആറ്റിങ്ങൽ ഫയർഫോഴ്സും സംയുക്തമായി സംഘടിപ്പിച്ച അഗ്നിശമന ബോധവത്കരണ ക്ലാസും പ്രാഥമിക പരിശീലനവും ആറ്റിങ്ങൽ ഫയർസ്റ്റേഷനിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ഡസൻ പത്രങ്ങൾ മുന്നിലെത്തിയാലും ആദ്യം തിരഞ്ഞെടുക്കുന്നത് കേരളകൗമുദിയാണെന്നും അഗ്നിശമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ രംഗങ്ങളിലുള്ളവരെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി മുഖ്യാതിഥിയായി. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ജി. ജിഷാദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം സുരേഷ് കുമാർ, ശ്രീശാരദാവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബീന, എസ്.സി.വി.ബി.എച്ച്.എസ് ഹൈസ്‌കൂൾ എച്ച്.എം എസ്.എസ്. ഷാജി, ആറ്റിങ്ങൽ ടാന്റം ഡയറക്ടർ ഡോ.ബി. രാധാകൃഷ്ണൻ, കേരളകൗമുദി ലേഖകരായ ജിജു പെരുങ്ങുഴി, സതീഷ് കണ്ണങ്കര, എക്‌സിക്യുട്ടീവ് എസ്.എസ്. രഞ്ജിത്ത് എന്നിവർ ആശംസാ പ്രസംഗം നടത്തി. നോബിൾ ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് മാനേജർ പി. സുഭാഷ് ചന്ദ്രൻ സ്വാഗതവും കേരളകൗമുദി ലേഖകൻ ഡി. ശിവദാസ് നന്ദിയും പറഞ്ഞു.