palam

വെള്ളനാട്: വർഷങ്ങൾ പഴക്കമുള്ള കൂവക്കുടിയിലെ പഴയ പാലം ഇപ്പോൾ കാട്കയറി നശിക്കുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കൂവക്കുടിയിൽ പുതിയ പാലം വന്നതോടെയാണ് പഴയപാലത്തിന്റെ ശനിദശ തുടങ്ങിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പാലം ഇപ്പോഴും ഒരു ബലക്ഷയവുമില്ലാതെ നിൽക്കുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥകാരണം നശിക്കുന്നതിന് കാരണമെന്നാണ് പരാതി. 1905 ൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് കൂവക്കുടിയിൽ കരമനയാറിന് കുറുകെ പാലം പണിതത്. കരിങ്കല്ലും പ്രത്യേക മിശ്രിതവും ഉപയോഗിച്ചായിരുന്നു നിർമ്മാണം. കാലപ്പഴക്കത്തെ തുടർന്ന് പഴയ പാലത്തിന് സമാന്തരമായി ഒൻപത് കോടി രൂപ ചെലവിൽ പുതിയ പാലം പണിതതോടെ പഴയ പാലത്തെ യാത്രക്കാർ ഉപേക്ഷിച്ചു. ഈ പാലത്തിലിപ്പോൾ ആൽമരം ഉൾപ്പടെയുള്ള വിവിധപാഴ്മരങ്ങൾ വളർന്ന് നിൽക്കുകയാണ്.

കാടുപിടിച്ചു കിടക്കുന്ന പാലവും ആളൊഴിഞ്ഞ പരിസരവും ഇപ്പോൾ മദ്യപന്മാർ കൈയടക്കിയിരിക്കുകയാണ്. ഈ പ്രദേശത്ത് രാത്രി കാലങ്ങളിൽ മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവായി. മാലിന്യം തള്ളിയും കാടുകൾ വളർന്നും പാലം ശോചനീയാസത്ഥയിലായി. പഴയ പാലത്തെ സംരക്ഷിച്ച് ചരിത്ര സ്മാരകമായി നിലനിറുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

നെടുമങ്ങാട്-വെള്ളനാട് റോഡിൽ പ്രകൃതിരമണീയമായ സ്ഥലമാണ് കൂവക്കുടി. ഒരു ബസിന് കടന്നുപോകാവുന്ന വീതി മാത്രമാണ് പഴയ പാലത്തിനുള്ളത്. വിജനമായ ഈ പ്രദേശത്ത് വർഷങ്ങളായി അപകടത്തുരുത്തായിരുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ആത്മഹത്യയ്ക്ക് എത്തിയിരുന്നതും വിജനമായ ഈ പാലത്തിലാണ്. ഇത് ഒഴിവാക്കാനായി പഴയ പാലത്തിൽ ഇരുവശങ്ങളിലുമായി ഉയരത്തിൽ ഇരുമ്പഴികൾ സ്ഥാപിച്ചു. ഇതോടെ ഈ പ്രദേശത്തിന്റെ ആത്മഹത്യ മുനമ്പെന്ന ദുഷ്പ്പേരും മാറിക്കിട്ടി. എന്നാലിപ്പോൾ പുതിയ പാലത്തിൽ നിർമ്മിച്ച ഇരുമ്പഴികൾ പലയിടത്തും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിലാണ്.

**വാട്ടർ അതോറിട്ടിയുടെ സംരക്ഷണവേലി കാട് മൂടിയ നിലയിൽ

**ലോഡുമായി എത്തുന്ന വലിയ ലോറികൾ ഒതുക്കിയിടാനുള്ള സ്ഥലമായി പാലത്തിന്റെ ഇരുവശവും

**പഴയപാലം പണിതത് 1905ൽ

**പുതിയ പാലം നിർമ്മിച്ചത് 2017 ആഗസ്റ്റിൽ

** സംരക്ഷണം വേണം

പുതിയ പാലം ഉദ്ഘാടനം ചെയ്തതോടെ പഴയ പാലം നോക്കുകുത്തിയായി. ഈ പാലത്തിൽക്കൂടി വൺവേ സംവിധാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടിരുന്നുവെങ്കിൽ ഇപ്പോഴും പഴയപാലം നശിക്കാതെ നിലനിൽക്കുമായിരുന്നു. മുൻപ് പാലം വൃത്തിയാക്കിയിരുന്നെങ്കിലും പുതിയ പാലം വന്നതോടെ അധികൃതരും പഴയപാലത്തെ കൈയൊഴിഞ്ഞമട്ടാണ്. പഴയ പാലത്തെ സംരക്ഷിച്ച് ചരിത്ര സ്മാരകമായി നിലനിറുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രകൃതി രമണീയമായ കൂവക്കുടിയിൽ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കിയാൽ ഇവിടത്തെ പ്രാധാന്യം വർദ്ധിക്കുമെന്നും പ്രദേശവാസികൾ പറയുന്നു.