
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്‌പയിൽ തെന്നിന്ത്യൻ താരസുന്ദരി സാമന്ത അവതരിപ്പിക്കുന്ന ഐറ്റം ഡാൻസിനെതിരെ കേസ്. പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിക്കുന്നെന്നും ഗാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മെൻസ് അസോസിയേഷനാണ് പരാതി നൽകിയത്. ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ പുഷ്‌പയുടെ ഹൈലൈറ്റുകളിൽ ഒന്നാണ് ഈ ഗാനം. തെലുങ്കിൽ ഇന്ദ്രപതി ചൗഹാൻ ആലപിച്ച ഗാനം മലയാളത്തിൽ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്. ദേവീപ്രസാദ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്കുശേഷം അല്ലു അർജുനും സുകുമാറും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുഷ്പയുടെ മറ്റൊരു പ്രത്യേകത. 250 കോടി ചെലവഴിച്ച് നിർമിച്ച പുഷ്പയുടെ ആദ്യ ഭാഗമായ പുഷ്‌പ ദ റൈസ് 17ന് തിയേറ്ററുകളിൽ എത്തും. രശ്മിക മന്ദാനയാണ് നായിക.