
തിരുവനന്തപുരം: കേരളത്തിൽ നിയമവാഴ്ച തകർന്നതിനും ജനങ്ങളുടെ ജീവൻ സുരക്ഷിതമല്ലെന്നതിനും തെളിവാണ് സമീപകാലത്ത് സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആരോപിച്ചു.
തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പാദം മുറിച്ചെടുത്ത ഗുണ്ടാസംഘം ബൈക്കുകളിൽ അട്ടഹസിച്ച് ആഹ്ലാദപ്രകടനം നടത്തിയ ക്രൂരമായ സംഭവം കേരള മനസ്സാക്ഷിയെ നടുക്കി. കൊലപാതകങ്ങളും അക്രമങ്ങളും പിടിച്ചുപറിയും സ്ത്രീപീഡനങ്ങളും വർദ്ധിച്ചുവരുമ്പോൾ അമർച്ച ചെയ്യേണ്ട പൊലീസ് നിർജീവമായി.
ജനം പുറത്തിറങ്ങാൻ ഭയക്കുന്നു. ഗുണ്ടാസംഘങ്ങൾക്ക് പൊലീസ് സേനയിലെ ചിലരുടെ സഹായം ലഭിക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്. പോത്തൻകോട് കൊല്ലപ്പെട്ടയാളിന്റെ വീട്ടിലെത്തിയ ഭക്ഷ്യമന്ത്രി അനിൽ, പൊലീസിന്റെ സംരക്ഷണം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളുടെ മറവിൽ സി.പി.എം അക്രമി സംഘങ്ങൾക്ക് നൽകുന്ന സംരക്ഷണമാണ് അധോലോക സംഘങ്ങൾക്ക് അക്രമം നടത്താനുള്ള പ്രചോദനം. കേരളത്തെ ചോരക്കളമാക്കിയതിന്റെ ഉത്തരവാദിത്വമേറ്റ് പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഹസൻ ആവശ്യപ്പെട്ടു.