ഉഴമലയ്ക്കൽ: എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയുടെയും ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ ഇന്ന് ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാകൻ പി. ചക്രപാണിയുടെ 52-ാമത് ചരമ വാർഷികം ആചരിക്കും. 1909ൽ ഉഴമലയ്ക്കൽ പപ്പുക്കുട്ടി കോൺട്രാക്ടറുടെയും നീലമ്മയുടെയും മകനായി ജനിച്ച പി.ചക്രപാണി അയിത്തോച്ചാടനം, ഹരിജനോദ്ധാരണം തുടങ്ങിയ നിരവധി പരിപാടികൾക്കാണ് നായകത്വം വഹിച്ചത്. എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയ്ക്കും രൂപം നൽകിയത് ഇദ്ദേഹമായിരുന്നു. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് കുളപ്പടയിലെ ചായക്കടയിൽ പുറത്തിരുത്തി ചിരട്ടയിൽ ചായ കൊടുക്കുന്ന രീതി അവസാനിപ്പിച്ചതിനു പിന്നിൽ പി. ചക്രപാണിയുടെ പോരാട്ടമാണ്. തിരുവനന്തപുരം എസ്.എം.വി സ്കൂളിലും ആർട്സ് കോളേജിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം 1969ൽ ദിവംഗതനാകുന്നതുവരെ നാടിന്റെ സാമൂഹ്യ പുരോഗതിയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു.
ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8ന് അയ്യപ്പൻകുഴിയിലുള്ള അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാർച്ചന. 11ന് പി. ചക്രപാണി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി അദ്ധ്യക്ഷത വഹിക്കും. ജി.സ്റ്റീഫൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. നന്ദിയോട് രാമചന്ദ്രൻ, എസ്.എൻ.ഡി.പിയോഗം ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ, സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ, ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. ലളിത, വൈസ് പ്രസിഡന്റ് എസ്. ശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ എസ്. ലാൽ, വാർഡ് മെമ്പർ ജയരാജ്, സ്കൂൾ പ്രിൻസിപ്പൽ ബി. സുരേന്ദ്രനാഥ്, ഹെഡ്മിസ്ട്രസ് ലില്ലി, പി.ടി.എ പ്രസിഡന്റ് ബിജു, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, ശാഖാ സെക്രട്ടറി സി. വിദ്യാധരൻ, ശാഖാ വൈസ് പ്രസിഡന്റ് ജി. ജനാർദ്ദനൻ, യൂണിയൻ കമ്മിറ്റി അംഗം ചക്രപാണിപുരം സുബേഷ്, വസന്തകുമാരി ടീച്ചർ, എസ്. കിരൺ എന്നിവർ സംസാരിക്കും.