പാറശാല: കരമന കളിയിക്കാവിള ദേശീയ പാതയിൽ ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള ഭാഗത്തെ കുഴികൾ അടയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും അപകടക്കുഴികൾ എല്ലാം അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അധികൃതർ തയ്യാറാകുന്നില്ല. വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള 17.4 കിലോമീറ്റർ റോഡ് റീ ടാർ ചെയ്യുന്നതിനായി 23 കോടി രൂപയും റോഡിൽ രൂപപ്പെട്ടിട്ടുള്ള നിലവിലെ അപകടക്കുഴികൾ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് 50 ലക്ഷം ഉൾപ്പെടെ 23.5 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. കേന്ദ്രം അനുവദിച്ച തുക നാഷണൽ ഹൈവേ അതോറിട്ടിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ട് രണ്ട് മാസത്തോളം കഴിഞ്ഞെങ്കിലും കുഴികൾ പൂർണ്ണമായും അടയ്ക്കുന്നതിനോ റോഡ് അപകടരഹിതമാക്കുന്നതിനോ അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. റോഡിലെ കുഴികൾ അടയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച തുകയിൽ 25 ലക്ഷം രൂപ കുഴികൾ അടയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ അനുവദിച്ചതിനെ തുടർന്ന് ടെൻഡർ നടപടികൾ സ്വീകരിച്ചെങ്കിലും രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് മാത്രം ചെയ്ത് തീർക്കേണ്ട പണി ഒരു മാസം കഴിഞ്ഞിട്ടും ഇനിയും പാതിവഴിയിലാണ്. കുഴികളിൽ വീണ് യാത്രക്കാർ ഏറെ ബുദ്ധിമുട്ടുമ്പോഴും റോഡിന് ഇരു വശത്തുമായി കോടികൾ ചെലവഴിച്ച് നടപ്പാക്കുന്ന ടൈൽ പാകൽ നടപടികൾ അനുദിനം പുരോഗമിക്കുന്നതും നാട്ടുകാരുടെ ഇടയിൽ ചർച്ചാവിഷയമാണ്.
**റോഡ് റീ ടാറ് ചെയ്യേണ്ടത്. 17.4 കിലോമീറ്റർ
**കേന്ദ്ര സർക്കാർ അനുവദിച്ച തുക.... 23.5 കോടി
* റീ ടാറിംഗിന്...... 23 കോടി
*കുഴിയടയ്ക്കാൻ ....... 50ലക്ഷം
കുഴികൾ ഉള്ളത്.......ഉദിയൻകുളങ്ങര, കൊറ്റാമം, പാറശാല, കാരാളി
നിർമ്മാണം തന്നിഷ്ടംപോലെ
ഒന്നോ രണ്ടോ ദിവസം മാത്രം തുടർന്ന കുഴി അടയ്ക്കൽ പണികളിലൂടെ വഴിമുക്ക് മുതൽ ഉദിയൻകുളങ്ങര വരെയുള്ള കുഴികൾ മാത്രമാണ് അടച്ചത്. ഉദിയൻകുളങ്ങര ജംഗ്‌ഷൻ മുതൽ അതിർത്തി പ്രദേശമായ കളിയിക്കാവിള വരെ ദേശീയപാതയിൽ രൂപപ്പെട്ടിട്ടുള്ള അപകടക്കുഴികൾ ഇനിയും മൂടാതെ അവശേഷിക്കുകയാണ്. ദിവസേന ഈ പ്രദേശങ്ങളിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്ന ഇരുചക്ര യാത്രക്കാർ നിരവധിയാണ്. അടുത്ത മഴയിൽ തകരാവുന്ന നിലയിലാണ് ടാറിംഗ് ജോലികൾ നടന്നത്. മേൽനോട്ടത്തിനായി ബന്ധപ്പെട്ട അധികാരികൾ ആരും ഇല്ലാതെ രാത്രിയിൽ റോഡ് പണികൾ നടത്തുന്നത് കാരണം കോൺട്രാക്ടർമാർ തന്നിഷ്ടപ്രകാരമാണ് പണികൾ നടത്തുന്നത് എന്നും നാട്ടുകാർ പറയുന്നു.
നിർമ്മാണം ഒച്ചിഴയുംപോലെ
കുഴികളിൽ വീണുള്ള വാഹനയാത്രയിലൂടെ നാട്ടുകാർ ബുദ്ധിമുട്ടുമ്പോൾ ഒച്ചിഴയും വേഗത്തിൽ രാത്രികാലങ്ങളിൽ എത്തി തോന്നിയതുപോലുള്ള റോഡ് നവീകരണമാണ് തുടരുന്നത്. കുഴികൾ അടച്ച ഭാഗങ്ങളിലാകട്ടെ ഇവിടെ ഉണ്ടായിരുന്നതായ പല കുഴികളും ഇനിയും അടയ്ക്കാതെ കിടപ്പുണ്ട്. അടച്ച കുഴികളിൽ തന്നെ അടിഭാഗത്തായി വെറും മണ്ണും മെറ്റലും മാത്രം നിരത്തിയത് കാരണം അടുത്ത മഴയിൽ ഒരു മെറ്റൽ ഇളകിയാൽ അടച്ച കുഴി വീണ്ടും രൂപപ്പെടും.