തിരുവനന്തപുരം: ശ്രീനാരായണ ദർശനത്തിലും ഭാരതീയ ദർശന സാഹിത്യത്തിലും അഗാധ പാണ്ഡിത്യമുള്ള ഗുരു മുനി നാരായണപ്രസാദിനെ ശതാഭിഷേക വേളയിൽ ആദരിക്കുന്നു..
കേരള സാംസ്കാരിക വകുപ്പിന്റെയും അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 15ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഗുരുദേവന്റെ ജ്ഞാന വചസ്സുകൾ ലോകം മുഴുവൻ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ നിലവിലെ ഗുരുവും അദ്ധ്യക്ഷനുമാണ് മുനിനാരായണ പ്രസാദ്. സ്വതന്ത്രകൃതികൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത, ശ്രീനാരായണഗുരു കൃതികൾ എന്നിവയുടെ വ്യാഖ്യാനങ്ങളും പരിഭാഷകളും ഉൾപ്പെടെ മലയാളത്തിലും ഇംഗ്ലീഷിലുമായി 122 കൃതികൾ രചിച്ചിട്ടുണ്ട്.