aruvi

നെയ്യാറ്റിൻകര: അരുവിപ്പുറത്തെത്തുന്ന ശിവഗിരി തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കാൻ സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

ആംബുലൻസ് സൗകര്യത്തോടെ അലോപ്പതി, ആയു‌ർവേദ, ഹോമിയോപ്പതി വിഭാഗങ്ങളുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. ക്ഷേത്രത്തിലേക്കുളള പ്രധാന റോഡുകൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കും. മുടക്കം കൂടാതെ വൈദ്യുതി ലഭിക്കുന്നതിനും വഴി വിളക്കുകൾ തെളിക്കുന്നതിനും ഇലക്ട്രിസിറ്റി ബോർഡും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപടികൾ സ്വീകരിക്കും. സുഗമമായ ശുദ്ധജല വിതരണത്തിന് ജലഅതോറിട്ടിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമൊരുക്കും. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് 150ഓളം പൊലീസുകാരെ നിയോഗിക്കും. പ്രധാന സ്ഥലങ്ങളിൽ സി.സി.ടി.വി കാമറാ നിരീക്ഷണവും ഉണ്ടാകും.

നെയ്യാറ്റിൻകര നഗരസഭയുടെയും പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവ‌ർത്തനങ്ങൾ ഊർജ്ജിതമാക്കും. വിവിധ ട്രാൻസ്പോ‌ർട്ട് ഡിപ്പോകളിൽ നിന്ന് അരുവിപ്പുറത്തേയ്ക്ക് സ്പെഷ്യൽ സർവീസുകൾ നടത്തും. സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവ തീർത്ഥാടന കേന്ദ്രത്തിലെ ഭക്ഷ്യശാലകളിൽ നിരീക്ഷണം നടത്തും.എക്സൈസ്, ഫയർഫോഴ്സ് സേവനവും ഉറപ്പാക്കും. ക്ഷേത്രത്തിലെ വഴിപാടുകൾ കേരളാ ബാങ്കിന്റെ പ്രത്യേക എക്സ്റ്റൻഷൻ കൗണ്ടറുകൾ വഴിയായിരിക്കും. പൊലീസുകാരുൾപ്പെടെയുളള ഉദ്യോഗസ്ഥർക്ക് ക്ഷേത്രാങ്കണത്തിൽ താമസസൗകര്യമൊരുക്കും. യോഗത്തിൽ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, നെയ്യാറ്റിൻകര തഹസീൽദാ‌ർ ശോഭാ സതീഷ്, നഗരസഭാ ചെയ‌ർമാൻ പി. കെ രാജമോഹനൻ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി.എസ് ബിനു, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ദിനരാജ്, മാരായമുട്ടം എസ്.എച്ച്.ഒ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.