
നെടുമങ്ങാട്: അടച്ചുറപ്പുള്ളൊരു വീടെന്ന ആറാം ക്‌ളാസുകാരൻ മിഥുന്റെയും ഒമ്പതാം ക്‌ളാസുകാരൻ വിപിന്റെയും സ്വപ്നം സഫലമാക്കി ആനാട് ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ധന്യസാരഥ്യത്തിന്റെ നിറവാർന്ന രജതജൂബിലി ആഘോഷം.സമ്പൂർണ ഭവന പദ്ധതിയായ ലൈഫിൽ സാങ്കേതികത്വം പറഞ്ഞ് തദ്ദേശ അധികൃതർ തഴഞ്ഞ കുടുംബത്തിനാണ് എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി സ്നേഹഭവനം ഒരുങ്ങുന്നത്.രണ്ടു സെന്റ് സ്ഥലം മാത്രമുള്ള കുടുംബത്തെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു തദ്ദേശ ജനപ്രതിനിധികൾ. രണ്ടു വർഷം മുമ്പ് ഡെങ്കിപ്പനി പിടിപെട്ട് മാതാവ് മരിച്ച കുട്ടികൾ കൂലിപ്പണിക്കാരനായ അച്ഛന്റെ പരിചരണയിലാണ്. യോഗ നേതൃത്വത്തിന്റെ നിർദേശ പ്രകാരം സ്കൂളിലെ 2,200 വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചാണ് അർഹരായ കുട്ടികളെ കണ്ടെത്തിയത്. അദ്ധ്യാപകരും ഇതര ജീവനക്കാരും അടങ്ങുന്ന കമ്മിറ്റിക്കാണ് സ്നേഹ ഭവനത്തിന്റെ നിർമ്മാണച്ചുമതല. നെട്ടറക്കോണത്ത് കുട്ടികളുടെ പേരിലുള്ള സ്ഥലത്ത് എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ സെക്രട്ടറിയും സ്കൂൾ ലോക്കൽ മാനേജരുമായ നെടുമങ്ങാട് രാജേഷ് തറക്കല്ലിടൽ നിർവഹിച്ചു. പ്രിൻസിപ്പൽ പി.ശിരീഷ്, പ്രഥമാദ്ധ്യാപിക വി.എസ്.ബീന, പി.ടി.എ പ്രസിഡന്റ് നാഗച്ചേരി റഹീം, കൺവീനർ ജി.വി രഞ്ജിത്, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ സംസ്ഥാനത്താകെ 25 സ്നേഹ ഭവനങ്ങളുടെ തറക്കല്ലിടൽ കർമ്മമാണ് ഒരേ സമയം നടന്നത്.