p

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമം പൂർണ അർത്ഥത്തിൽ പ്രാവർത്തികമാക്കുന്നതിന് സഹായകമായ യൂണിക് തണ്ടപ്പേർ സംസ്ഥാനത്ത് നടപ്പാക്കാൻ സർക്കാർ വിജ്ഞാപനമായി. സർക്കാരിന്റെ 200 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി രണ്ടു മാസത്തിനകം ഇതിന്റെ ഉദ്‌ഘാടനം നിർവഹിക്കും.

ഭൂമിവിവരങ്ങളും ആധാർ നമ്പറും ലിങ്ക് ചെയ്യാൻ റവന്യൂ വകുപ്പിന്റെ റെലിസ്‌ സോഫ്ട്‍വെയറിൽ മാറ്റം വരുത്തും. ഇതോടെ, രാജ്യത്ത് യൂണിക് തണ്ടപ്പേർ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. പദ്ധതി നടപ്പാക്കാൻ ആഗസ്റ്റ് 23 ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു.

എവിടെ ഭൂമിയുണ്ടെങ്കിലും

ഒറ്റ തണ്ടപ്പേരിൽ നിന്നറിയാം

ഭൂമിക്കുള്ള ആധാർ അധിഷ്ഠിത രേഖയായ യൂണിക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്നതോടെ,

ഒരു പൗരന്റെ പേരിൽ സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരാവും. സംസ്ഥാനത്ത് എവിടെ നിന്നും കരം ഒടു. ഭൂമിവിവരങ്ങൾ നഷ്ടപ്പെടാതെ ലിജിലോക്കറിൽ സൂക്ഷിക്കാം.

ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിൽ നിന്നറിയാം. ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയാൽ പിടി വീഴും. നിയമ പരിധിക്കപ്പുറം ഭൂമി കൈവശം വയ്‌ക്കുന്നവരെ കണ്ടെത്താം.

പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് “തണ്ടപ്പേര്”. വില്ലേജ് ഓഫീസുകളിൽ കരം പിരിക്കുന്നതിനായി തണ്ടപ്പേര് രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്ററാണിത്. വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞാൽ വില്ലേജോഫീസിൽ പോക്കുവരവ് ചെയ്ത് കരം സ്വീകരിക്കുന്നതോടെ, വസ്തുവിന്റെ പൂർണാവകാശം വാങ്ങിയ ആൾക്ക് ലഭിക്കുമെന്നതിന്റെ രേഖയാണ് ഈ നമ്പർ .

ആധാർ ലിങ്ക്

റവന്യൂ വകുപ്പിന്റെ റെലിസ്‌ സമ്പൂർണ പോർട്ടലിൽ സജ്ജമാക്കുന്ന പുതിയ മെനുവിലാണ് വസ്‌തുവിവരങ്ങളും ആധാർ നമ്പരും നൽകി ലിങ്ക് ചെയ്യേണ്ടത്. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി അപ്‌ലോഡ് ചെയ്‌താൽ രജിസ്‌ട്രേഷൻ പൂർത്തിയാകും . ഇതിന് സാധിക്കാത്തവർക്കായി അക്ഷയ കേന്ദ്രങ്ങൾ വഴിയോ വില്ലേജ് ഓഫീസുകളിലൂടെയോ ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം പതിപ്പിച്ചോ, ഐറിസ് ഡിറ്റക്ടറിലൂടെ കൃഷ്ണമണി പരിശോധന നടത്തിയോ ലിങ്ക് ചെയ്യാം.

കൈവശം

വയ്ക്കാവുന്ന ഭൂമി

₹ഒരാളിന് -പരമാവധി 7.5 ഏക്കർ
₹രണ്ടുമുതൽ 5 പേരുള്ള കുടുംബം - പരമാവധി 15 ഏക്കർ