1

ബാലരാമപുരം: കേടായ മോട്ടോർ നന്നാക്കാകുന്നതിനിടെ ബാലരാമപുരം പുല്ലൈകോണം പരുത്തിമഠം സ്പിന്നിംഗ് മിൽ കോമ്പൗണ്ടിലുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. നാല് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞുവീണത്. നാൽപ്പത് അടിയിലേറെ താഴ്ചയുള്ള കിണറിന്റെ കരിങ്കല്ലിൽ നിർമ്മിച്ച ആൾമറയടക്കമാണ് നിലംപതിച്ചത്. വെള്ളം ഉയർന്നതിനെ തുടർന്ന് കിണറിനോട് ചേർന്ന സ്ഥലങ്ങളിലെ മണ്ണും ഇടിഞ്ഞിറങ്ങിയതോടെ ജനം പരിഭ്രാന്തരായി. മണ്ണിടിച്ചിൽ ഉണ്ടായതോടെ കിണറിനോട് ചേർന്ന പരുത്തിമഠം റോഡും സമീപത്തെ വീടിന്റെ മതിലും അപകടാവസ്ഥയിലായി.

ഫയർഫോഴ്‌സും ബാലരാമപുരം പൊലീസും സ്ഥലത്തെത്തി റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞശേഷം ജെ.സി.ബി.യുടെ സഹായത്തോടെ റോഡ് ഇടിഞ്ഞുതാണ ഭാഗത്തെ മണ്ണ് കോരിമാറ്റി. ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹനന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗം ഫെഡറിക് ഷാജിയും നാട്ടുകാരും ചേർന്ന് കിണറ്റിനരികിലെ മണ്ണ് നീക്കം ചെയ്തതോടെയാണ് വശങ്ങൾ ഇടിഞ്ഞ് താഴുന്നതിന് താത്കാലിക പരിഹാരമായത്. ഒരാഴ്ച മുമ്പ് ഇതിന് സമീപത്തുള്ള ഹാന്റക്‌സ് പ്രോസസിംഗ് ഹൗസിന്റെ കിണറും ഇടിഞ്ഞുതാണിരുന്നു. അടിക്കടി ഇത്തരം പ്രതിഭാസങ്ങളുണ്ടാകുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ചിത്രം: പുല്ലൈകോണത്തെ സിപിന്നിംഗ് മിൽ കോമ്പൗണ്ടിലെ കിണർ ഇടിഞ്ഞുതാണപ്പോൾ