
തിരുവനന്തപുരം: അമരവിള- ഒറ്റശേഖരമംഗലം റോഡ് നിർമ്മാണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. അമരവിള ഒറ്റശേഖരമംഗലം റോഡിൽ പെട്ടിക്കട നടത്തുന്ന ചായക്കോട്ടുകോണം സ്വദേശിയായ ഭിന്നശേഷിക്കാരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. റോഡിലെ പൊടിശല്യം കാരണം രോഗങ്ങളും ശാരീരിക പ്രയാസങ്ങളും ഉണ്ടാകുന്നതായി പരാതിയിൽ പറയുന്നു.
11 കിലോമീറ്ററോളം ഒന്നാംഘട്ട ടാറിംഗ് പൂർത്തിയാക്കിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം കമ്മിഷനിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ പൊടിശല്യം പൂർണമായി അവസാനിക്കും. വളവു നിവർത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിർമ്മാണം നീളാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പൊടിശല്യം കുറയ്ക്കാനായി വെള്ളംതളിക്കാൻ പോലും പൊതുമരാമത്ത് വകുപ്പ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരനായ പി. രവി കമ്മിഷനെ അറിയിച്ചു. പൊടിശല്യം ഇല്ലാതാക്കുന്ന കാര്യത്തിൽ പരിഹാരം എന്നുണ്ടാവുമെന്ന് റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.