പൂവാർ: കരുംകുളത്ത് ആൾത്താമസമില്ലാത്ത വീടുകളിൽ മോഷണം. ഒരു വീട്ടിൽ നിന്ന് സ്വർണവും പണവും വിലപിടിപ്പുള്ള രേഖകളും നഷ്ടമായി. കരുംകുളം കണ്ണാടി പള്ളിക്ക് എതിർവശത്തുള്ള വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പ്രവാസിയായ വി.ജെ.എസ് നിലയത്തിൽ ഗോഡ്ഫ്രേയുടെ ഇരുനിലവീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 12 പവൻ സ്വർണം, 25000 രൂപ, 20000 രൂപ വിലവരുന്ന വിദേശ കറൻസികൾ, എ.ടി.എം കാർഡുകൾ, ഗൾഫ് രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ അപഹരിച്ചു. തൊട്ടടുത്ത് താമസിക്കുന്ന മാതാപിതാക്കൾ തിങ്കളാഴ്ച വൈകിട്ട് വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന തുണികൾ ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലായിരുന്നു തൊട്ടടുത്തുള്ള കരുംകുളം നന്ദനത്തിൽ ഷാജികുമാറിന്റെ വീടിന്റെ മുൻവാതിൽ മോഷ്ടാക്കൾ തകർത്തെങ്കിലും വിലപിടിപ്പുള്ള ഒന്നും നഷ്ടമായിട്ടില്ല. ഷാജികുമാർ ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. തിങ്കളാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ സഹോദരൻ എത്തിയപ്പോഴാണ് മുൻവാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. കാഞ്ഞിരംകുളം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കല്ലുമുക്ക് കരിംകാളി ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിലും മോഷണശ്രമം ഉണ്ടായിരുന്നു.