നെടുമങ്ങാട് : വീടുകളിലും കടകളിലും നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുന്ന രണ്ട് യുവാക്കൾ വലിയമല പൊലീസിന്റെ പിടിയിലായി. കാട്ടാക്കട സ്വദേശി ഷിബിൻ ജോസ് (27), കല്ലറ താളികുഴി സ്വദേശി അഖിൽ (31),​ ഇവരിൽ നിന്ന് മോഷണമുതൽ വാങ്ങുന്ന പിരപ്പൻകോട് സ്വദേശിയും റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനുമായ ബാലകൃഷ്ണൻനായർ (81)​ എന്നിവരാണ് ഇന്നലെ രാത്രി അറസ്റ്റിലായത്. വലിയമല മന്നൂർകോണത്തെ വീട്ടിന് മുന്നിൽ നിന്നും ഗ്യാസ് സിലിണ്ടർ മോഷണം പോയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

ണ്ടുപേർ സ്കൂട്ടറിലെത്തി സിലിണ്ടർ കൊണ്ടുപോകുന്നത് സമീപത്തെ സി.സി.ടിവിയിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അഖിലിലും ഷിബിൻ ജോസിലും എത്തിയത്. ഇവർ മോഷ്ടിക്കുന്ന സിലിണ്ടറുകൾ പിരപ്പൻകോട് സിന്ദൂരി ഗ്യാസ് റിപ്പയറിംഗ് ഷോപ്പ് നടത്തുന്ന ബാലകൃഷ്ണൻ നായർക്കാണ് വിറ്റിരുന്നത്. ഒരു സിലിണ്ടറിന് 1300 രൂപ നൽകി വാങ്ങുന്ന ഇയാൾ 2500 രൂപയ്ക്ക് അത്യാവശ്യക്കാർക്ക് മറിച്ചുവിൽക്കും.

അഖിലിന്റെയും ഷിബിന്റെയും പേരിൽ വെഞ്ഞാറമൂട്, ആര്യനാട്, നെടുമങ്ങാട്, അരുവിക്കര സ്റ്റേഷനുകളിലായി മോഷണമടക്കം 9 കേസുകൾ നിലവിലുള്ളതായും അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു.ഇവർ നെടുമങ്ങാട് പ്രവർത്തിക്കുന്ന പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിലെ ചീഫ് എക്സിക്യൂട്ടിവും അസിസ്റ്റന്റ് എക്സിക്യൂട്ടിവുമാണ്. വീടുകളിൽ പോയി കുട്ടികളെ ക്യാൻവാസ് ചെയ്യുകയാണ് ഇവരുടെ ജോലി. ഇതിന്റെ മറവിലാണ് ഇവർ മോഷണം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.