വിതുര: തൊളിക്കോട് പഞ്ചായത്തിലെ മലയടി-ചെരുപ്പാണി-വെട്ടയിൽ റോഡിന് ഒടുവിൽ ശാപമോക്ഷമായി. റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ജി. സ്റ്റീഫൻ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചു. മലയടി ചെരുപ്പാണി റോഡ് തകർന്നിട്ട് വർഷങ്ങളേറയായി. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര അതീവദുഷ്ക്കരമാണ്.മഴ കനത്താൽ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാകും. റോഡ് തകർച്ചമൂലം അനവധി അപകടങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. റോഡിൽ ഗട്ടറുകൾ നിറഞ്ഞതോടെ വീതി ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മലയടി, ചെരുപ്പാണി, വെട്ടയിൽ നിവാസികൾ അനവധി തവണ ത്രിതലപഞ്ചായത്ത് ഭരണസമിതികൾക്ക് പരാതികൾ നൽകിയിട്ടുണ്ട്. സമരങ്ങളും നടന്നു.റോഡിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധിതവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ വോട്ട് തേടിയെത്തിയ ജി. സ്റ്റീഫനോട് നാട്ടുകാർ റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി തുടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.
നന്ദിരേഖപ്പെടുത്തി
വർഷങ്ങളായി തകർന്നുകിടക്കുന്ന തൊളിക്കോട് പഞ്ചായത്തിലെ മലയടി-ചെരുപ്പാണി-വെട്ടയിൽ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ച ജി.സ്റ്റീഫൻ എം.എൽ.എക്ക് കർഷകസംഘം തൊളിക്കോട് വില്ലേജ് കമ്മിറ്റി സെക്രട്ടറി എസ്.എസ്. പ്രേംകുമാർ നന്ദിരേഖപ്പെടുത്തി. തകർന്നുകിടക്കുന്ന തൊളിക്കോട് പഞ്ചായത്തിലെ ആദിവാസിമേഖലകളിലേക്കുള്ള മറ്റ് റോഡുകളുടെയും നവീകരണപ്രവർത്തനങ്ങൾക്കും ഫണ്ട് അനുവദിക്കണമെന്ന് പ്രേംകുമാർ ആവശ്യപ്പെട്ടു.
റോഡ് നവീകരണത്തിന് അനുവദിച്ചത്.....1. 34 കോടി
** അരുവിക്കര നിയോജകമണ്ഡലത്തിലെ ആറ് റോഡുകളുടെ നവീകരണപ്രവർത്തനങ്ങൾക്കായി ഒരുകോടി 34 ലക്ഷം രൂപ അനുവദിച്ചതായി ജി.സ്റ്റീഫൻ എം.എൽ.എ അറിയിച്ചു.
റോഡുകളും,തുകയും
കുര്യാത്തി-മരങ്ങാട് റോഡ്........35 ലക്ഷം
മലയടി-ചെരുപ്പാണി റോഡ്.......5 ലക്ഷം
വെള്ളനാട്-വാളിയറ-ശങ്കരമുഖം റോഡ്..............50 ലക്ഷം
പട്ടകുളം-കൊണിനട-മൈലോട്ടുമൂഴി റോഡ്...........14.40 ലക്ഷം
ഉറിയാക്കോട്-പൂവച്ചൽറോഡ്....................15 ലക്ഷം
ആലമുക്ക്-കുഴയ്ക്കാട് കേശവൻനായർറോഡ്................15 ലക്ഷം.