തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമന വിവാദത്തിൽ അധികാര ദുർവിനിയോഗം നടത്തിയ മന്ത്രി ആർ. ബിന്ദു രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വഴുതക്കാട്ടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.
മന്ത്രിയുടെ ഔദ്യോഗിക വസതിയായ സാനഡുവിലേക്കായിരുന്നു പ്രതിഷേധം. ഉച്ചയ്‌ക്ക് 12ന് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കലാഭവൻ തിയേറ്ററിന് മുന്നിൽ ബാരിക്കേഡ‌് നിരത്തി പൊലീസ് തടഞ്ഞു. പ്രവർത്തകർ മുദ്രവാക്യം വിളികളുമായി ചാടിക്കയറി ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് പൊലീസ് വാഹനത്തിനുനേരെ പ്രവർത്തകർ ചെരുപ്പെറിഞ്ഞു. പിന്നാലെ ബാരിക്കേഡ് കടന്നെത്തിയ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി. പ്രവർത്തകരെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിൽ ചിലർക്ക് ലാത്തിയടിയേറ്റെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസുമായി കയർത്തു. ഇരുവിഭാഗവും പിന്മാറാൻ തയാറായതോടെയാണ് അരമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് അയവ് വന്നത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംസ്ഥാന സെക്രട്ടറിമാരായ ഷജീർ നേമം, ശരത്. എ.ജി, അരുൺ എസ്.പി, അനീഷ് കാട്ടാക്കട, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ടി.ആർ. രാജേഷ്, കെ.എഫ്. ഫെബിൻ, ശംഭു പാൽകുളങ്ങര, അരുൺ. സി.എസ്, രാജാജിനഗർ മഹേഷ്, ജില്ലാ ഭാരവാഹികളായ മലയിൻകീഴ് ഷാജി, സജിത്ത് മുട്ടപ്പാലം, വിഷ്ണു വഞ്ചിയൂർ, രാജീവ് കരകുളം, അഫ്സൽ ബാലരാമപുരം, റമീസ് ഹുസൈൻ, മൈക്കിൾ രാജ്, അനൂപ് പാലിയോട്, പത്‌മേഷ്, മാഹിൻ പഴഞ്ചിറ, പ്രശോബ്, സജന സാജൻ, നീതു, ഷമീർഖാൻ, ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.