road-

ചിറയിൻകീഴ്: എങ്ങുമെത്താത്ത റോഡ് പണി കാരണം നടുവൊടിഞ്ഞ് യാത്രക്കാർ. മഞ്ചാടിമൂട് - കോളിച്ചിറ - ചേമ്പുംമൂല റോഡിനാണ് ഈ ദുരവസ്ഥ. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ മുറവിളി ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ നിധിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ഈ റോഡിന്റെ നവീകരണത്തിനായി വകയിരുത്തി കരാറായത്. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മാസങ്ങൾക്ക് മുൻപ് ഈ റോഡിൽ പലയിടത്തും മെറ്റൽ നിരത്തിയെങ്കിലും തുടർന്നുണ്ടായ മഴയിൽ പലതും ഒലിച്ചുപോയി. മാത്രവുമല്ല റോഡിന്റെ ചിലയിടങ്ങളിൽ ഒഴുക്ക് ചാല് പോലെ മെറ്റലിളകി മാറുകയും ചെയ്തു.

ഇതുവഴി ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസും നിറുത്തിവച്ചിരിക്കുകയാണ്. ഈ ബസിന്റെ പല സർവീസുകളും ഇവിടുത്തുകാർക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അതുപോലെ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലും പോകാൻ വളരെ സൗകര്യമായിരുന്നു. ഈ ബസിന്റെ വൈകുന്നേരങ്ങളിൽ തിരുവനന്തപുരം ഭാഗത്തുനിന്നുള്ള സർവീസും വളരെ പ്രയോജനകരമായിരുന്നു. ചിറയിൻകീഴ്, അഴൂർ പഞ്ചായത്ത് അതിർത്തികളിൽ കൂടി കടന്നുപോകുന്ന ജില്ലാ പഞ്ചായത്തിന്റെ റോഡാണിത്. ചിറയിൻകീഴ് ശാർക്കര ഭാഗത്ത് നിന്ന് വരുന്നവർക്ക് ദേശീയപാതയിൽ തോന്നയ്ക്കൽ എത്താനുള്ള എളുപ്പ മാർഗം കൂടിയാണിത്. അടിയന്തരമായി ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് നവീകരണത്തിന്

അനുവദിച്ചത് - 50 ലക്ഷം രൂപ

ഓട്ടോയും വരില്ല

കോളിച്ചിറ, ചേമ്പുംമൂല എന്നിവിടങ്ങളിലാണ് മെറ്റലുകൾ ചിതറി കൂടുതൽ വിഷയം. കുത്തിറക്കവും കയറ്റവുമാണിവിടങ്ങളിൽ. അത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നു. ഈ ഭാഗങ്ങളിൽ കാൽനടയാത്ര പോലും ദുഃസഹമാണ്. ഇവിടങ്ങളിൽ തെന്നിവീണ് പരിക്കേൽക്കുന്ന ടൂവീലർ യാത്രക്കാരും കുറവല്ല. ഈ റോഡിലേക്ക് ഓട്ടോ സവാരി വിളിച്ചാൽ പോലും വരാതെയായി. ഹൈ റിസ്ക് എടുത്തു വരുന്ന ചില ഓട്ടോക്കാർക്ക് സാധാരണ റേറ്റിന്റെ ഇരട്ടിയിലധികം കൊടുക്കേണ്ടിയും വരുന്നു.

ഓടയുമില്ല

റോഡ് നിർമ്മാണത്തോടനുബന്ധിച്ച് ഓടയുടെ നവീകരണവും നടത്താത്തതിൽ നാട്ടുകാർ ആദ്യം പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഓടയ്ക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.