
മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കാവിൻപുറം - നൂലിയോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളേറെയായി. വിളപ്പിൽശാല ജംഗ്ഷന് സമീപത്തുനിന്ന് ആംരഭിക്കുന്ന റോഡിലാകെ കുണ്ടും കുഴിയുമായതിനാൽ കാൽനടയാത്രപോലും ദുസഹമാണ്. റോഡിൽ നിന്ന് മെറ്റലുകൾ ഇളകിമാറിയതിനാൽ ഇവിടെ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. കൂടാതെ മെറ്റലുകളിലും കുഴികളിലും തട്ടി കാൽനടയാത്രക്കാർ വീഴുന്നതും പതിവ് കാഴ്ചയാണ്. ആരംഭിക്കുന്നിടത്ത് അല്പം തകർന്നും മുന്നിലേക്ക് പോകുംതോറും വൻ കുഴികൾ നിറഞ്ഞതുമാണ് റോഡിന്റെ നിലവിലെ സ്ഥിതി. വിളപ്പിൽശാല, ചൊവ്വള്ളൂർ ഭാഗത്തേക്ക് വാഹനങ്ങളിൽ പോകുന്നവരും സ്കൂൾ - കോളേജ് വിദ്യാർത്ഥികളും പ്രദേശവാസികളും നന്നേ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. 2016ലാണ് ഈ റോഡ് അവസാനമായി ടാർ ചെയ്തത്. പരിസരവാസികളും വിവിധ സന്നദ്ധ സംഘടനകളും റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനാലാണ് റോഡ് നവീകരണം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വാട്ടർ അതോറിട്ടി പൈപ്പുകൾ സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് കിലോമീറ്റർ ദൂരം വരുന്ന ഈ റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ റോഡിന് ഇരുവശങ്ങളിലുമായി നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. ഇവർക്ക് കാട്ടാക്കട ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പമാർഗവും ഈ റോഡാണ്.
ബസ് സർവീസും നിന്നു
മുൻപ് കാവിൻപുറം - നൂലിയോട് സർക്കുലർ ബസ് സർവീസ് ഉണ്ടായിരുന്നതാണ്. എന്നാൽ റോഡിന്റെ തകർച്ച കാരണം കെ.എസ്.ആർ.ട.സി സർവീസ് നിറുത്തലാക്കുകയായിരുന്നു. കാവിൻപുറം വാട്ടർ അതോറിട്ടിയുടെ സമീപത്തുള്ള കയറ്റത്തിൽ റോഡാകെ പൊളിഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കാവിൻപുറം കേന്ദ്രീകരിച്ച് നിരവധി വില്ലകളും കെട്ടിടങ്ങളും വന്നതോടെ നിരവധി വാഹനയാത്രക്കാരും കാൽനടക്കാരുമാണ് റോഡിനെ ആശ്രയിക്കുന്നത്.
റോഡിന്റെ നീളം - 3 കി.മീ
റോഡ് അവസാനമായി ടാർ ചെയ്തത് - 2016ൽ