
കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന് പരാതി. അഞ്ചുലക്ഷം രൂപ മുടക്കി 2017ൽ വിളയിൽമൂല ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളായി കത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ, ചെക്കാലവിളാകം ജംഗ്ഷൻ എന്നിവിടങ്ങളിലെ ഹൈ മാസ്റ്റ് ലൈറ്റുകളുടെ അവസ്ഥയും ഇതു തന്നെയാണ്. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നുണ്ടെങ്കിലും മരച്ചില്ലകൾ ലൈറ്റിനെ മറച്ച് വളർന്നതിനാൽ പ്രകാശം റോഡിലേക്ക് എത്തുന്നില്ല. പഞ്ചായത്തിലെ പ്രധാന ജംഗ്ഷനായ ചെക്കാലവിളാകത്തിൽ പൊതുമാർക്കറ്റ് ഉൾപ്പെടെ ധാരാളം വ്യാപാരശാലകളും ബാങ്കുകളും ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. അധികൃതർക്ക് പലതവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.