
പാലോട്: അന്തിയുറങ്ങാൻ ഒരു വീടെന്ന സ്വപ്‌നം സഫലമാകുന്ന സന്തോഷത്തിലാണ് ചിതറ ശ്രീനാരായണവിലാസം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ സനൂജയും അനാമികയും. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ഭരണസാരഥ്യത്തിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തോടനുബന്ധിച്ചാണ് സ്നേഹഭവനം ഒരുക്കുന്നത്.
കടയ്‌ക്കൽ എസ്.എൻ.ഡി.പി യൂണിയൻ സംഭാവനയായി നൽകിയ അഞ്ചുസെന്റ് സ്ഥലത്താണ് വീട് നിർമ്മിക്കുക. എസ്.എൻ.ഡി.പി യോഗം കൗൺസിലറും സ്‌കൂൾ ലോക്കൽ മാനേജരുമായ സന്ദീപ് പച്ചയിൽ വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു ബാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് മായ ജെ, യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ്, പി.ടി.എ പ്രസിഡന്റ് സാംബശിവൻ, മടത്തറ, വളവുപച്ച ശാഖാ പ്രതിനിധികൾ, സ്‌കൂൾ അദ്ധ്യാപകർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.