nattarivu

പാറശാല: കൃഷി നാട്ടറിവ് പകർന്ന് കിട്ടുന്നതിനും അവ നേരിട്ട് കണ്ട് മനസിലാക്കുന്നതിനുമായി ആന്ധ്രാപ്രദേശിലെ കാർഷിക പാഠശാലയിൽ നിന്നെത്തിയ എട്ടംഗ സംഘം പാറശാലയിലെത്തി. ആന്ധ്രാപ്രദേശിലെ വൈ.എസ്.ആർ ഹോർട്ടികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടുന്ന സംഘം പാറശാല, ചെങ്കൽ, കാരോട്, കുളത്തൂർ പഞ്ചായത്തുകളിലെ വിവിധ കാർഷികത്തോട്ടങ്ങൾ സന്ദർശിച്ച് വിവരങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവുമായി (സി.ടി.സി.ആർ.ഐ) സഹകരിച്ച് കിഴങ്ങുവിള കർഷകരുടെ നാട്ടറിവ് അറിയാനാണ് സംഘം എത്തിയത്. പാറശാല ചിറക്കര രവീന്ദ്രന്റെ കൃഷിത്തോട്ടം സന്ദർശിച്ചശേഷം സി.ടി.സി.ആർ.ഐ നൽകിയ 'ശ്രീ രക്ഷ' എന്ന മരിച്ചീനി ഇനം വിളവെടുത്ത ശേഷമാണ് സംഘം മടങ്ങിയത്. സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ.രമേഷ്, ഡോ.കേശവകുമാർ, ബി.ജി സംഗീത, സീനിയർ ടെക്‌നീഷ്യൻ ഡി.ടി രജിൻ, കൃഷി ഓഫീസർമാരായ ലീന എ, ടി.ആൻസി, അഗ്രിക്കൾച്ചർ അസിസ്റ്റന്റുമാരായ ശ്രീജു എസ്.ജെ, ബിന്ദു .എസ് എന്നിവർ ക്ലാസെടുത്തു. വൈ.എസ്.ആർ ഹോർട്ടികൾച്ചർ വിദ്യാർത്ഥിനി റോജ നന്ദി രേഖപ്പെടുത്തി.