നെടുമങ്ങാട്: പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങളുടെ കേസുകൾ പരിഗണിക്കാൻ മാത്രമായി നെടുമങ്ങാട്ട് പുതുതായി അനുവദിച്ച ജില്ലാ കോടതിക്ക് ആസ്ഥാന മന്ദിരമായി. നെടുമങ്ങാട് - വട്ടപ്പാറ റോഡിൽ പരിയാരം ചാമവിളയിൽ നഗരസഭാ ഉടമസ്ഥതയിലുള്ള ഇരുനില മന്ദിരം കോടതി തുടങ്ങാൻ വിട്ടുനൽകി. നഗരസഭാ കൗൺസിൽ തീരുമാനത്തെ തുടർന്ന് ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് കുടുംബകോടതി ജില്ലാ ജഡ്ജി കെ. നാസർ, പ്രിൻസിപ്പൽ മുനിസിഫ് എം. രാജപ്പൻ നായർ, അഡ്വ. കോലിയക്കോട് സി.ഒ. മോഹൻകുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും കെട്ടിടം സന്ദർശിച്ച് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകി. നഗരസഭാ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ എന്നിവർ ചേർന്ന് ജില്ലാ ജഡ്ജിയെയും സംഘത്തെയും സ്വീകരിച്ചു. മൂവായിരം ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടത്തിൽ ഡയസ്, ചേംബർ, തൊണ്ടി മുറി, അഭിഭാഷക മുറി എന്നിവ സജ്ജമാക്കാൻ 10 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭാ അദ്ധ്യക്ഷയും വൈസ് ചെയർമാനും അറിയിച്ചു. കോടതി കെട്ടിടം സ്ഥിതിചെയ്യുന്ന പരിയാരം റോഡ് വീതികൂട്ടി ടാർ ചെയ്യാനും തുക അനുവദിക്കും. ജനുവരിയിൽ കോടതി പ്രവർത്തനം ആരംഭിക്കും. നെടുമങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ലാ കോടതികളുടെ എണ്ണം ഇതോടെ നാലാകും. കഴിഞ്ഞ വർഷം അനുവദിച്ച മോട്ടോർ ആക്സിഡന്റ് ട്രൈബ്യൂണൽ കോടതി (എം.എ.സി.ടി) തസ്തിക ലഭിച്ചാലുടൻ പ്രവർത്തനം തുടങ്ങും. കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പോക്സോ കോടതി നെട്ടയിലുള്ള നഗരസഭാ കെട്ടിടത്തിലും വനം കോടതി ഒന്നര കിലോമീറ്റർ മാറി മേലാങ്കോട്ടെ നഗരസഭാ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. സുഗമമായ പ്രവർത്തനത്തിന് ഇത് തടസമാകുന്നുണ്ട്. കോടതികൾ ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്നാണ് അഭിഭാഷകരുടെയും കക്ഷികളുടെയും ആവശ്യം. പേരൂർക്കട റോഡിലെ പത്താംകല്ലിൽ സർക്കാർ ഉപേക്ഷിച്ച വാമനപുരം ഇറിഗേഷൻ പ്രോജക്ട് (വി.ഐ.പി) വക മൂന്ന് ഏക്കർ സ്ഥലം കോടതി സമുച്ചയവും ക്വാർട്ടേഴ്‌സും നിർമ്മിക്കാൻ വിട്ടുനൽകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.