കാട്ടാക്കട: സി.പി.എം കാട്ടാക്കട ഏരിയാ സമ്മേളനത്തിൽ പൊലീസിനും റവന്യൂ വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിനിധികൾ. പാർട്ടി പ്രവർത്തകരെക്കാൾ പൊലീസിൽ ആർ.എസ്.എസുകാർക്ക് കൂടുതൽ ഇടപെടൽ നടത്താൻ കഴിയുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയെന്ന് സമ്മേളന പ്രതിനിധികൾ പറഞ്ഞു.
സി.പി.എം ഭരിക്കുമ്പോൾ പൊലീസ് സ്റ്റേഷൻ മുതൽ പൊലീസിന്റെ തലപ്പത്തുവരെ ആർ.എസ്.എസ് ഇടപെടൽ നടത്തുകയാണ്. എന്നാൽ പാർട്ടി പ്രവർത്തകർക്ക് ന്യായമായ ആവശ്യങ്ങൾക്ക് പോലും ഇടപെടാൻ കഴിയുന്നില്ലെന്നും ആക്ഷേപമുയർന്നു. ഇഷ്ടക്കാരെയും ബന്ധുക്കളെയും നിയമനങ്ങളിൽ തിരുകിക്കയറ്റാൻ നടത്തുന്ന ശ്രമങ്ങളെയും സമ്മേളന പ്രതിനിധികൾ വിമർശിച്ചു.
സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് പദ്ധതിയെ അട്ടിമറിക്കാനാണ് റവന്യൂ - കൃഷി വകുപ്പുകൾ ശ്രമിക്കുന്നതെന്നും പ്രതിനിധികൾ പറഞ്ഞു. രാഷ്ട്രീയക്കാരെ നിയോഗിക്കാതെ അർഹരെ കണ്ടെത്താനാണ് കൃഷിഓഫീസർമാരെയും അസിസ്റ്റന്റുമാരെയും ചുമതലപ്പെടുത്തിയത്. എന്നാൽ പലയിടങ്ങളിലും ഇവർ ജോലിചെയ്യാതെ ബോധപൂർവം മാറിനിൽക്കുന്ന സമീപനമാണുണ്ടായതെന്നാണ് വിമർശനം.
കാട്ടാക്കട സമ്മേളനത്തിലും ലോക്കൽ സമ്മേളനങ്ങളിലും അർഹരായവരെ ഒഴിവാക്കിയെന്നും പരാതിയുണ്ടായി. നിലവിലത്തെ ഏരിയാസമ്മേളനത്തിന്റെ മുഖ്യനടത്തിപ്പുകാരനും സംഘാടക സമിതി ചെയർമാനുമായ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷിനെ ജില്ലാ സമ്മേളന പ്രതിനിധിയായിപ്പോലും ഉൾപ്പെടുത്താത്തതിൽ പല പ്രതിനിധികൾക്കും വിയോജിപ്പുണ്ടായി.