1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ നിർമ്മാണ സ്ഥലത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജനുവരിയിൽ സർവകക്ഷി യോഗം വിളിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. തുറമുഖ നിർമ്മാണസ്ഥലം സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പാറകൾ കൊണ്ടുവരുന്നതിന് തമിഴ്നാട് സർക്കാരുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചു. പുലിമുട്ടിനായി പ്രതിദിനം 10,​000 ടൺ കല്ലുകൾ നിക്ഷേപിച്ചിരുന്നത് ഇപ്പോൾ 13,​000 ടൺ ആയി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്തേക്കുള്ള റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് റെയിൽവേ മന്ത്രിയുമായി ഇന്നലെ ഡൽഹിയിൽ ചർച്ച നടത്തി. പദ്ധതിക്ക് ആവശ്യമായ പാറ സമയബന്ധിതമായി ലഭ്യക്കുന്നതിന് വിസിൽ മാനേജിംഗ് ഡയറക്ടർ ഗോപാലകൃഷ്ണൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജയകുമാർ എന്നിവരെ ചുമതലപ്പെടുത്തിയതായും ഇലക്ട്രിക് സബ് സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്സ് എന്നിവ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ഉൾപ്പെടുത്തി നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യബന്ധന ബോട്ടുകൾക്ക് മുടങ്ങിക്കിടന്ന മണ്ണെണ്ണ വിതരണം പുനരാരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ്ഝാ, കോർപ്പറേറ്റ് അഫയേഴ്‌സ് മേധാവി സുശീൽ നായർ, സെക്യൂരിറ്റി മേധാവി രോഹിത് നായർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ലോറികൾക്ക് ഹോളോഗ്രാം സ്റ്റിക്കറും

ഓട്ടോമാറ്റിക് ട്രാക്കിംഗ് സംവിധാനവും

പദ്ധതി പ്രദേശത്ത് ലോറികളിലെത്തിക്കുന്ന കല്ലുകൾ ഇവിടേക്ക് തന്നെയാണോ എത്തുന്നതെന്ന് ഉറപ്പുവരുത്താൻ ഓട്ടോമാറ്റിക്ക് ട്രാക്കിംഗ് സംവിധാനവും ഹോളോഗ്രാമും സജ്ജമാക്കിയതായി മന്ത്രി അറിയിച്ചു. കല്ലുകളെത്തിക്കുന്നതിൽ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്നാണിത്. കല്ലുകയറ്റുന്ന ഇടംമുതൽ പദ്ധതിപ്രദേശം വരെ ട്രാക്കിംഗ് സംവിധാനമുണ്ടാകും.