
നെടുമങ്ങാട്: മുക്കോല ജംഗ്ഷനിൽ ബേക്കറിയുടെ ഷട്ടർ പൊളിച്ച് അകത്തുകയറി കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിൽ അരശുപറമ്പ് പുത്തൻവിള വീട്ടിൽ പ്രഭാകരൻ (പുലി, 73) നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി. നെടുമങ്ങാട് സ്റ്റേഷനിൽ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 13ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. നെടുമങ്ങാട് സ്വദേശി ബിനിയും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന ബേക്കറിയിലാണ് മോഷണം നടന്നത്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, സുരേഷ്‌കുമാർ, എ.എസ്.ഐ രൂപേഷ്‌കുമാർ, സി.പി.ഒ സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.