വെള്ളനാട്: വെള്ളനാട് ബ്ലോക്ക് അഗ്രികൾചറൽ വർക്കേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ കമ്പനിമുക്കിലെ നീതി സ്റ്റോറിലെ സാധനങ്ങളുടെ വില്പന സംബന്ധിച്ച് പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ നെടുമങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാർ ഉത്തരവിട്ടു. സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. നീതി സ്റ്റോറിലും സംഘത്തിലും അന്വേഷണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു. വെള്ളനാട് ഗ്രാമ പഞ്ചായത്തംഗം എസ്. കൃഷ്ണകുമാർ നൽകിയ പരാതിയിൽ യൂണിറ്റ് ഇൻസ്‌പെക്ടർ വൈ. പ്രവീൺ ദാസാണ് പ്രാഥമിക പരിശോധന നടത്തിയത്. പെ‌ാതുവിപണിയെക്കാൾ വില കൂട്ടിയും നീതി സ്റ്റോറിലെ ബില്ലുകൾ വ്യാജമായി ഹാജരാക്കിയും പഞ്ചായത്തിന്റെ ഡെ‌ാമിസിലറി കെയർ സെന്ററിന്റെ നടത്തിപ്പിന് സർക്കാർ അനുവദിച്ച തുക സംഘം പ്രസിഡന്റും സെയിൽസ‌്മാനും കൈക്കലാക്കി എന്നതായിരുന്നു പരാതി. യൂണിറ്റ് ഇൻസ്പെക്ടറുടെ പ്രാഥമിക പരിശോധനയിൽ പരാതിയിൽ കഴമ്പുള്ളതായി കാണുന്നതായി അസിസ്റ്റന്റ് രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു. വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് സംഘം പ്രസിഡന്റ്.