തിരുവനന്തപുരം: തലസ്ഥാനത്ത് സി.പി.എമ്മിനകത്ത് നേതൃതലത്തിൽ വിഭാഗീയത കനക്കുന്നു. ജനുവരിയിൽ ജില്ലാ സമ്മേളനം നടക്കാനിരിക്കെ, പാർട്ടിക്കകത്ത് ആധിപത്യമുറപ്പിക്കാൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും നടത്തുന്ന ബലപരീക്ഷണത്തിന്റെ ഭാഗമായാണ് തർക്കങ്ങളെന്നാണ് സൂചന. ഒന്നാം പിണറായി മന്ത്രിസഭയിൽ സഹകരണ-ടൂറിസം വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയെന്ന നിലയിൽ ജില്ലയിലെ പാർട്ടിക്കകത്ത് ആധിപത്യമുറപ്പിച്ചിരുന്ന കടകംപള്ളിക്ക് മന്ത്രിസ്ഥാനമില്ലാതായതോടെ എതിർവിഭാഗം അനുകൂലികളെ തിരഞ്ഞുപിടിച്ച് ഒതുക്കുകയാണെന്ന ആക്ഷേപമാണുയരുന്നത്.
ഏറ്റവുമൊടുവിൽ കാട്ടാക്കട എം.എൽ.എ കൂടിയായ ജില്ലാകമ്മിറ്റി അംഗം ഐ.ബി. സതീഷിനോട് വിശദീകരണം തേടിയതും ജില്ലാ കമ്മിറ്റിയിൽ ഇതിനെതിരെ വൈകാരികമായി സതീഷ് പൊട്ടിത്തെറിച്ചതുമാണ് ചർച്ചയാവുന്നത്. ബി.ജെ.പിക്കാരായ കരാട്ടെ അസോസിയേഷൻ ഭാരവാഹികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അഫിലിയേഷൻ ലഭിക്കാൻ ശുപാർശ ചെയ്തുവെന്നാരോപിച്ചാണ് വിശദീകരണം തേടിയത്. ജില്ലാ കമ്മിറ്റിയിൽ സതീഷ് ആരോപണം തള്ളി. രണ്ട് മാസം മുമ്പ് ചർച്ച ചെയ്ത് അവസാനിപ്പിച്ച വിഷയം സതീഷിന്റെ മേഖലയായ കാട്ടാക്കട ഏരിയാസമ്മേളനം നടക്കുമ്പോൾ ഔദ്യോഗികപക്ഷം ചാനലുകൾക്ക് ചോർത്തി നൽകിയെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം. വിവാദമായതോടെ വിശദീകരണം തേടിയെന്ന വാർത്ത ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തള്ളി.
ജില്ലയിലെ കരാട്ടെ അസോസിയേഷനിലെ രണ്ട് ഗ്രൂപ്പുകൾക്കിടയിലെ കിടമത്സരമാണ് വിവാദങ്ങൾക്ക് കാരണം. സി.പി.എം രക്തസാക്ഷി കുടുംബമായ വിഷ്ണുവിന്റെ സഹോദരൻ വി.വി. വിനോദിന്റെ നേതൃത്വത്തിലുള്ളതാണ് ഒരു വിഭാഗം. വർക്കല, ആറ്റിങ്ങൽ, കാട്ടാക്കട, വഞ്ചിയൂർ മേഖലകളിൽ നിന്നുള്ളവരുൾപ്പെട്ടതാണ് കരാട്ടെ അസോസിയേഷനിലെ മറുഭാഗത്ത്. ഇവരും സി.പി.എം അനുഭാവികളാണെന്ന് പറയുന്നു. ഇവർ ആറ്റിങ്ങലിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. രാമു, വർക്കല ഏരിയാ സെക്രട്ടറി ഷാജഹാൻ, ഐ.ബി. സതീഷ് എന്നിവർക്കൊപ്പം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ കണ്ട് അഫിലിയേഷന് അപേക്ഷ നൽകി. ആഴ്ചകൾക്ക് ശേഷം അപേക്ഷ നൽകിയവർ ബി.ജെ.പി-ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന ആക്ഷേപമുയർന്നതോടെയാണ് സതീഷിനോട് ജില്ലാ സെക്രട്ടറി രേഖാമൂലം വിശദീകരണം തേടിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാകമ്മിറ്റിയിൽ സതീഷ് ഇതിനെ ചോദ്യം ചെയ്ത് വൈകാരികമായി സംസാരിച്ചു. സെക്രട്ടറിക്ക് തന്നോട് ഫോണിലെങ്കിലും വിളിച്ചുചോദിക്കാമായിരുന്ന വിഷയത്തിൽ കത്ത് നൽകിയതിന്റെ സാംഗത്യവും സതീഷ് ചോദ്യം ചെയ്തു. ഫോണിൽ കിട്ടാത്തതിനാലാണ് രേഖാമൂലം കത്ത് നൽകിയതെന്നായിരുന്നു ആനാവൂർ പറഞ്ഞത്.
അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനവീഴ്ചയ്ക്ക് വി.കെ. മധുവിനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തിയപ്പോൾ ജില്ലാ കമ്മിറ്റിയിൽ തീരുമാനത്തെ എതിർത്തയാളാണ് ഐ.ബി. സതീഷ്. അതിനോടുള്ള പകപോക്കലാണെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. കാട്ടാക്കടയിൽ സതീഷിനെതിരെ പ്രചരിച്ച പോസ്റ്ററുകൾക്ക് പിന്നിലും ഔദ്യോഗിക നേതൃത്വമാണെന്നാണ് ആക്ഷേപം. തരംതാഴ്ത്തൽ നടപടിക്ക് ശേഷം പാർട്ടി പരിപാടികൾ അറിയിക്കാതെ തന്നെ അവഗണിക്കുകയാണെന്ന് കാട്ടി വി.കെ. മധുവും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ്.