gurukshethram

ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം പെരുങ്ങുഴി ഇടഞ്ഞുംമൂല ശാഖ പെരുങ്ങുഴി നാലുമുക്ക് ജംഗ്ഷനിൽ നിർമ്മിച്ച ശ്രീനാരായണഗുരുദേവ ക്ഷേത്രമണ്ഡപത്തിന്റെ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 19ന് വിവിധ പരിപാടികളോടെ നടക്കും. നാളെ വൈകിട്ട് 5.30ന് ചിറയിൻകീഴ് ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ നിന്ന് പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുളള രഥഘോഷയാത്ര ആരംഭിക്കും. വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, താലപ്പൊലി വിളക്ക് എന്നിവ അകമ്പടിയാകും. കടകം, മഞ്ചാടിമൂട് ഗുരുമന്ദിരം, അഴൂർ ഗണപതിയാം കോവിൽ, അഴൂർ ഗുരുമന്ദിരം, അനുപമ ജംഗ്ഷൻ, പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതി, ശ്രീരാജരാജേശ്വരി ക്ഷേത്രം, മേട ഗുരുമന്ദിരം, പെരുങ്ങുഴി മുസ്ലീം ജമാഅത്ത്, സി.ഒ നഗർ വഴി രാത്രി 7.30ന് നാലുമുക്ക് ഗുരുക്ഷേത്ര മണ്ഡപത്തിൽ പൗരാവലിയുടെ വരവേൽപ്പോടെ ഘോഷയാത്ര സമാപിക്കും.

19ന് രാവിലെ 10.30ന് തിരുനെല്ലൂർ പി. ബിജു കാശിമഠം, വിഷ്ണുപോറ്റി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ, 12.30ന് സമൂഹസദ്യ. വൈകിട്ട് 4.30ന് നടക്കുന്ന ഗുരുസന്ദേശ സംഗമവും സാംസ്കാരിക സമ്മേളനവും വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗുരുക്ഷേത്ര മണ്ഡപ സമിതി പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠം സ്വാമി സച്ചിതാനന്ദ ഗുരു മണ്ഡപം നാടിന് സമർപ്പിക്കും. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ മുഖ്യാതിഥിയാകും. യൂണിയൻ കൗൺസിലർ സി. കൃത്തി ദാസ് റിപ്പോർട്ട് അവതരിപ്പിക്കും. ശാർക്കര ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണവും യോഗം കൗൺസിലർ ഡി. വിപിൻ രാജ് സംഘടനാ സന്ദേശവും നൽകും.

കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായം യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിളയും വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും വിതരണം ചെയ്യും. അഴൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ. റിജി, ബി. മനോഹരൻ, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ ഉണ്ണിക്കൃഷ്ണൻ ഗോപിക, ഡി. ചിത്രാംഗദൻ, എസ്.എൻ ട്രസ്‌റ്റ്‌ അംഗങ്ങളായ കെ. രഘുനാഥൻ, കെ. പുഷ്കരൻ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ സലിത, ലതിക പ്രകാശ്, യൂത്ത്മൂവ്മെന്റ് ജില്ല ജോയിന്റ് സെക്രട്ടറി പ്രേം സിത്താർ, എക്സിക്യുട്ടീവ് അംഗം സജീവ് അശോക് തുടങ്ങിയവർ സംസാരിക്കും. ശാഖാ പ്രസിഡന്റ് എസ്. സന്തോഷ് സ്വാഗതവും രക്ഷാധികാരി എൻ. സദാശിവൻ നന്ദിയും പറയും. രാത്രി 7.30ന് ലൗലി ജനാർദ്ദനനും സംഘവും നയിക്കുന്ന സംഗീതാർച്ചന ഉണ്ടാകും.