wedding

സാമൂഹിക - രാഷ്ട്രീയ മണ്ഡലങ്ങളിൽ സുപ്രധാന മാറ്റങ്ങൾ സൃഷ്ടിക്കാനുതകുന്ന രണ്ടു ബില്ലുകൾ നിയമമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‌കിക്കഴിഞ്ഞു. വരുന്ന 23-ന് അവസാനിക്കുന്ന പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽത്തന്നെ ബില്ലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. വിശദമായ ചർച്ച വേണ്ടിവരുമെന്നതിനാൽ ബില്ലുകളുടെ പരിഗണനയും പാസാക്കലും പിന്നീടേ നടക്കാനിടയുള്ളൂ.

സ്‌ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച സുപ്രധാന ബില്ലുകളിലൊന്ന്. രണ്ടാമത്തേത് വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ചാണ്. നിലവിലെ സാഹചര്യത്തിൽ രണ്ടു നിയമനിർമ്മാണങ്ങളും പരമപ്രധാനമാണ്. പെൺകുട്ടികളുടെ വിവാഹ പ്രായപരിധി ഉയർത്തണമെന്ന ആവശ്യം ഉയർന്നിട്ട് വളരെക്കാലമായി. ഇപ്പോഴത്തെ പതിനെട്ടുവയസ് എന്ന കുറഞ്ഞ പ്രായപരിധി പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാസ്യമല്ലെന്നു പൊതുവേ വാദഗതിയുണ്ട്. വിദ്യാഭ്യാസകാലം കഴിയും മുമ്പുതന്നെ പെൺകുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കുന്നതുമൂലം പിന്നീട് അവർ നേരിടേണ്ടിവരുന്ന കുടുംബസംബന്ധവും ശാരീരികവുമായ പ്രശ്നങ്ങൾ നിരവധിയാണ്. പക്വതയെത്താത്ത പ്രായത്തിൽ നടക്കുന്ന വിവാഹം പെൺകുട്ടികളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന താളക്കേടുകൾ വലിയ ചർച്ചയാകാറുണ്ട്.

പുരുഷനൊപ്പം സ്‌ത്രീക്കും സ്വന്തം കാലിൽ നില്‌ക്കാനാവുന്ന ഒരു തൊഴിൽ വേണമെന്ന അഭിപ്രായം ഏറെ ശക്തമാണ്. 21 വയസ് എത്തുമ്പോഴേ ബിരുദമെങ്കിലും നേടാനാവൂ. പഠനം തുടരാനാഗ്രഹിക്കുന്ന പെൺകുട്ടിയുടെ വിദ്യാഭ്യാസകാലം നീണ്ടുപോകും. പഠനം കഴിഞ്ഞ് ഏതെങ്കിലുമൊരു തൊഴിൽ ലഭിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവരും. പഠനം പൂർത്തിയാക്കി തൊഴിൽ ലഭിച്ച ശേഷമേ വിവാഹിതയാകൂ എന്നുറപ്പിക്കുന്ന പെൺകുട്ടികളാണ് അധികവും. പതിനെട്ടു വയസ് എത്തുമ്പോഴേ പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കാൻ ധൃതിപ്പെടുന്ന മാതാപിതാക്കൾക്ക് കുറവില്ലെങ്കിലും ഈ പ്രവണത മാറിക്കൊണ്ടിരിക്കുകയാണ്. സാമൂഹ്യപരിഷ്കർത്താക്കളും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരും സർക്കാരുകളും സ്‌ത്രീശാക്തീകരണ രംഗത്തു പ്രവർത്തിക്കുന്നവരുമൊക്കെ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന്. നിലവിലെ ശൈശവവിവാഹ നിരോധന നിയമത്തിൽ ആവശ്യമായ ഭേദഗതി കൊണ്ടുവന്ന് വിവാഹപ്രായം ഉയർത്താവുന്നതേയുള്ളൂ. കേന്ദ്രം നീങ്ങുന്നതും ആ വഴിക്കു തന്നെയാണെന്നാണു സൂചന. അർത്ഥപൂർണമായ ചർച്ചകൾക്ക് അവസരമൊരുക്കാൻ പാർലമെന്റിനു സാധിച്ചാൽ വലിയ നേട്ടമാകും. അനിവാര്യമായ ഒരു നിയമം ആയതിനാൽ പാർട്ടികളിൽ നിന്ന് എതിർപ്പ് ഉയരാനിടയില്ല. കാലത്തിനു നിരക്കാത്ത ചിന്താഗതി വച്ചുപുലർത്തുന്നവർ ഒരുപക്ഷേ ഈ പരിഷ്കരണ ബില്ലിനെതിരെയും രംഗത്ത് വന്നുകൂടെന്നില്ല. അതു കാര്യമാക്കാനില്ല. ആരോഗ്യം, സുരക്ഷ, സാമൂഹിക ഉന്നതി, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ രംഗങ്ങളിൽ സ്‌ത്രീകൾക്ക് അർഹമായ പരിഗണനയും പ്രാതിനിദ്ധ്യവും ഉറപ്പാക്കാൻ സഹായിക്കുന്നതാകും പുതിയ നിയമനിർമ്മാണം.

രാജ്യത്തെ തിരഞ്ഞെടുപ്പു പരിഷ്കാരവുമായി ബന്ധപ്പെട്ടുള്ളതാണ് നിർദ്ദിഷ്ട വോട്ടർ പട്ടിക - ആധാർ ബന്ധിപ്പിക്കൽ നിയമനിർമ്മാണം. ആധാർ കാർഡ് സാർവത്രികമായിക്കഴിഞ്ഞ പശ്ചാത്തലത്തിൽ അത് വോട്ടർ കാർഡുമായി ബന്ധിപ്പിക്കാൻ അനായാസം കഴിയും. അതിനുവേണ്ട സാങ്കേതികശേഷി എന്നേ രാജ്യം സ്വായത്തമാക്കിക്കഴിഞ്ഞു. സർക്കാരിന്റെ എല്ലാക്കാര്യങ്ങളും ആധാർ അധിഷ്ഠിതമായ നിലയ്ക്ക് വോട്ടെടുപ്പിലും അത് ഒഴിവാക്കേണ്ടതില്ല. വോട്ടർ പട്ടികയിലെ പേരുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ഏറ്റവും വലിയ നേട്ടം കള്ളവോട്ടുകൾ പാടേ തടയാനാവുമെന്നതാണ്. ഒട്ടേറെ പരിഷ്കാര നടപടികൾ സ്വീകരിച്ചിട്ടും നിലവിൽ വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന അതിക്രമങ്ങളിൽ പലതും കള്ളവോട്ടുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരാൾ തന്നെ പല ബൂത്തുകളിലെത്തി വോട്ടുചെയ്യുന്നത് അപൂർവമല്ല. വോട്ടർ പട്ടിക പോലും കുറ്റമറ്റതാണെന്നു പറയാനുമാകില്ല. ആവർത്തനം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടർ പട്ടികയിൽ പേരിനൊപ്പം ആളിന്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തിയത്. അതിനുശേഷവും ക്രമക്കേടുകൾ പൂർണമായി തടയാനായിട്ടില്ല. പാൻ - ആധാർ ബന്ധിപ്പിക്കലിന്റെ മാതൃകയിൽ വോട്ടർ കാർഡും ആധാറുമായി ബന്ധിപ്പിക്കാവുന്നതേയുള്ളൂ. അങ്ങനെ വന്നാൽ വോട്ടെടുപ്പിലെ ആൾമാറാട്ടവും പല ബൂത്തുകളിൽ വോട്ടുചെയ്യലും തടയാനാകും. ഒരിക്കൽ വോട്ടുരേഖപ്പെടുത്തിയാൽ മറ്റൊരിടത്ത് വോട്ടു ചെയ്യാനെത്തിയാൽ ആധാർ നമ്പർ കേന്ദ്രീകരിച്ച് തൽക്ഷണം കണ്ടുപിടിച്ച് തടയാനാകും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജനപ്രാതിനിദ്ധ്യ നിയമത്തിൽ അവശ്യം വരുത്തേണ്ട വേറെയും പരിഷ്കാരങ്ങൾ ഒട്ടേറെയുണ്ട്. വോട്ടർ പട്ടിക - ആധാർ ബന്ധിപ്പിക്കൽ അതിൽ പ്രധാന ചുവടുവയ്പായി കരുതാമെങ്കിലും തിരഞ്ഞെടുപ്പിലെ പണാധിപത്യവും അതുമായി ബന്ധപ്പെട്ട നിരവധി അനാശാസ്യ പ്രവണതകളും ഇപ്പോഴും തുടരുകയാണ്. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവുകൾക്ക് കർക്കശ നിയന്ത്രണങ്ങളുണ്ടെങ്കിലും കടലാസിൽ മാത്രമാണ് അതു പാലിക്കപ്പെടാറുള്ളത്. അനുവദനീയമായ പരിധിയുടെ എത്രയോ മടങ്ങ് പണം മലവെള്ളം പോലെയാണ് ഓരോ സ്ഥാനാർത്ഥിയും ഒഴുക്കുന്നത്. നോമിനേഷൻ സമർപ്പണത്തിനും വോട്ടെടുപ്പിനുമിടയ്ക്കുള്ള ദൈർഘ്യം ഇഷ്ടം പോലെ പണം ചെലവഴിക്കാനുള്ള അവസരം നല്‌കുകയാണ്. പ്രചാരണ കാലദൈർഘ്യം കുറയ്ക്കുന്നതുൾപ്പെടെ ഇനിയും വരുത്തേണ്ട പരിഷ്കാരങ്ങൾ വേറെയുമുണ്ട്. തിരഞ്ഞെടുപ്പു കാലത്തെ അക്രമങ്ങൾ പലപ്പോഴും വലിയ ക്രമസമാധാന പ്രശ്നമായി മാറാറുണ്ട്. ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടും കള്ളപ്പണത്തിന്റെ സാന്നിദ്ധ്യം ഏറെ പ്രകടമാകുന്ന രംഗമാണ് തിരഞ്ഞെടുപ്പ്. ഒരു സ്ഥാനാർത്ഥി തന്നെ ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വോട്ടർ പട്ടികയിൽ വർഷം നാലുതവണ പുതിയ പേരുകൾ ചേർക്കാൻ അവസരം നല്‌കുന്ന വ്യവസ്ഥ പുതിയ ബില്ലിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുകയും വേണം. തിരഞ്ഞെടുപ്പു നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികളിലും കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തേണ്ടതുണ്ട്.