വിഴിഞ്ഞം: അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയെ ആക്രമിച്ച ശേഷം ഒന്നരപവന്റെ മാല കവർന്നു. വിഴിഞ്ഞം പിറവിളാകത്ത് സിന്ധു യാത്രമാതാ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാമളയുടെ (56) മാലയാണ് കവർന്നത്. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. വീടിന് പുറത്ത് വസ്ത്രം അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയുടെ വായ പിന്നിലൂടെയെത്തിയ മോഷ്ടാവ് പൊത്തിപ്പിടിച്ച ശേഷം മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ശ്യാമള ബഹളംവച്ചതിനെ തുടർന്ന് ഭർത്താവ് ഓടിയെത്തിയപ്പോഴേക്കും പൊട്ടിച്ചെടുത്ത മാലയുടെ ഒരു ഭാഗവുമായി മോഷ്ടാവ് രക്ഷപ്പെട്ടു. ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഷോർട്സും മഞ്ഞകളറിൽ പുള്ളികളുള്ള ഷർട്ടും ധരിച്ച യുവാവാണ് മാല പൊട്ടിച്ചെതെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു. വിഴിഞ്ഞം പൊലീസ് കേസെടുത്തു.