guru

ഈശ്വര സ്തോത്രപരമായും തത്വചിന്താപരമായും വളരെയധികം കൃതികൾ ശ്രീനാരായണ ഗുരുദേവൻ രചിച്ചിട്ടുണ്ട്. തത്വചിന്താപരമായ കൃതിയാണ് ദത്താപഹാരം. ദത്താപഹാരം എഴുതാൻ പ്രേരകമായത് ആലുംമൂട്ടിൽ തറവാടുമായി ബന്ധപ്പെട്ട കാര്യമായിരുന്നു. രചനയുടെ പശ്ചാത്തലം പലരും പലവിധത്തിൽ എഴുതിയിരിക്കുന്നതിനാൽ, ഗുരുഭക്തരായ പലർക്കും അവ്യക്തതയുണ്ട്.

1903 മുതൽ 1920 വരെ ലേഖകന്റെ കുടുംബമായ ഹരിപ്പാട് മുട്ടം ആലുംമൂട്ടിൽ തറവാട്ടിൽ കാരണവരായിരുന്ന കൊച്ചുകുഞ്ഞു ചാന്നാരും ഗുരുദേവനും സമപ്രായക്കാരായിരുന്നു. ഗുരുവിന്റെ അനുയായി ആയിരുന്ന കൊച്ചുകുഞ്ഞു ചാന്നാർ ഡോ. പല്‌പുവിനുശേഷം എസ്.എൻ.ഡി.പി യോഗത്തിന്റെ വൈസ് പ്രസിഡന്റുമായിരുന്നു. 1917 ഡിസംബറിൽ കൊച്ചുകുഞ്ഞു ചാന്നാരുടെ ഷഷ്ട്യബ്ദപൂർത്തി വിപുലമായി, കലാപരിപാടികളോടു കൂടി ആലുംമൂട്ടിൽ തറവാട്ടിലും കുടുംബക്ഷേത്രത്തിലും വച്ച് ആഘോഷിക്കുകയുണ്ടായി. ആഘോഷത്തിൽ കൊച്ചുകുഞ്ഞു ചാന്നാരുടെ പ്രത്യേക ക്ഷണപ്രകാരം ഗുരുദേവൻ പങ്കെടുത്തിരുന്നു. ഗുരുദേവനു താമസിക്കാൻ ആലുംമൂട്ടിൽ കുടുംബക്ഷേത്രത്തിൽ പ്രത്യേകം പർണശാല കെട്ടി. അദ്ദേഹം രണ്ട് ദിവസം അവിടെ വിശ്രമിച്ചുകൊണ്ട് ഷഷ്ടിപൂർത്തി ചടങ്ങുകളിൽ പങ്കെടുത്തു. ഗുരുവിന്റെ സ്വീകരണച്ചടങ്ങിൽ വച്ച്, ആലുംമൂട്ടിൽ കുടുംബത്തിന് മദിരാശിപ്പട്ടണത്തിലുണ്ടായിരുന്ന 50 സെന്റ് സ്ഥലവും കെട്ടിടവും ഗുരുവിന് മദിരാശിയിൽ (ചെന്നൈ) ഒരു ആസ്ഥാനമുണ്ടാക്കാൻ വിട്ടുകൊടുത്തിരിക്കുന്നതായി കൊച്ചുകുഞ്ഞു ചാന്നാർ പ്രഖ്യാപിച്ചു.

''പതിമൂവായിരം രൂപാ വിലയ്ക്കുള്ള

മദ്രാസിലെ സതത സമൃദ്ധി പൂണ്ട സംസ്ത്യായ രത്നം

അതിഭക്തിയോടും വംശഗുരുവാം ശ്രീനാരായണ യതി

സ്വാമി പാദാബ്‌ജത്തിൽ സമർപ്പിച്ച ധന്യൻ"

എന്ന് മൂലൂർ പത്മനാഭപ്പണിക്കർ ഈ സമർപ്പണത്തെ പുകഴ്‌ത്തി കാരണവർക്കുള്ള മംഗളപത്രത്തിൽ എഴുതി. പ്രഖ്യാപനം നടത്തിയതല്ലാതെ, ഇന്ന് 150 കോടി രൂപ കമ്പോളവില മതിക്കുന്ന വസ്‌തു, കൊച്ചുകുഞ്ഞു ചാന്നാർ ഗുരുദേവന്റെ പേരിൽക്കൂട്ടി കൈവശാവകാശം ഒഴിഞ്ഞുകൊടുത്തില്ല. രണ്ട് വർഷം കാത്തിരുന്ന ശേഷം 1919ൽ ഗുരുദേവൻ ദത്താപഹാരം എഴുതിയെന്നാണ് ലേഖകൻ അനുമാനിക്കുന്നത്. ഇതേപ്പറ്റി ലേഖകന്റെ അമ്മാവൻ എ.പി. ഉദയഭാനു 'എന്റെ കഥയില്ലായ്മകൾ" എന്ന കൃതിയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.

''ഇതാ, ദാനം എന്ന ആശ ജനിപ്പിച്ച്, കൊടുക്കാതെ നിരാശ ഉദിപ്പിക്കുകയായിരുന്നു പാട്ടത്തിലെ അപ്പൂപ്പൻ (കൊച്ചുകുഞ്ഞു ചാന്നാർ) ചെയ്തത്. അത് അപ്പൂപ്പന്റെ പ്രകൃതത്തിന് ചേർന്നതുമായിരുന്നു. കൊച്ചുകുഞ്ഞുങ്ങൾ കാണിക്കുന്നതും കൊച്ചുകുഞ്ഞുങ്ങളോട് കാണിക്കുന്നതുമാണല്ലോ വെച്ചുനീട്ടി, കൈനീട്ടിച്ച്, വെച്ചുനീട്ടിയ കൈ പിൻവലിക്കുന്ന 'തമാശ." 'കൊച്ചുകുഞ്ഞിന്" അതു ചേർന്നതായിരുന്നെങ്കിലും വലിയ ചാന്നാർക്ക് ചേർന്നതായിരുന്നില്ല. കളിപ്പിള്ള ആയിരുന്നില്ലല്ലോ സ്വാമി! അതെന്തായാലും ആ പിള്ളേരുകളി,​ കളിപ്പിക്കൽ ഋഷിയെ അത്ര സന്തോഷിപ്പിച്ചില്ല: അതാണല്ലോ ദത്താപഹാരം വിളിച്ചു പറയുന്നത്.

ഒന്നുണ്ട് നേര് നേരല്ലി

തൊന്നും മർത്ത്യർക്കു സത്യവും

ധർമ്മവും വേണമായുസ്സു

നില്‌ക്കുകില്ലാർക്കു മോർക്കുക

ദത്താപഹാരം വംശ്യർക്കു

മത്തലേകീടുമെന്നതു

വ്യർത്ഥമല്ല, പുരാഗി രീ

നെത്രയും സത്യമോർക്കുക

കൊടുത്തു തിരിച്ചങ്ങോ

ട്ടെടുക്കുന്നവനെത്രയും

നിസ്വനാ മവനേക്കാളും

നിസ്വനാരുമില്ലൂഴിയിൽ

'ആയുസ് നില്‌ക്കുകില്ലാർക്കു മോർക്കുക" എന്ന വാചകം ശ്രദ്ധിക്കണം. ഷഷ്ടിപൂർത്തി കഴിഞ്ഞു മൂന്നുകൊല്ലം കൂടെ അപ്പൂപ്പന്റെ ആയുസ് നിന്നില്ല. 'വംശ്യർക്കു മത്തലേകി" അതിൽ ഞങ്ങളും പെട്ടു - വംശമടച്ചു വരുന്ന വിപത്ത് അപരാധികളെ മാത്രമല്ല, നിരപരാധികളെയും ഗ്രസിക്കും." 1919ൽ ആലുംമൂട്ടിൽ തറവാട്ടിൽ അന്തഛിദ്രങ്ങൾ വർദ്ധിക്കുകയും 1920 ൽ കാരണവർ കൊച്ചുകുഞ്ഞു ചാന്നാർ വധിക്കപ്പെടുകയും ചെയ്തു. ശേഷം കാരണവരായത് ലേഖകന്റെ അപ്പൂപ്പൻ കൃഷ്ണൻ ചാന്നാരായിരുന്നു. അദ്ദേഹമായിരുന്നു അവിഭക്ത ആലുംമൂട്ടിൽ തറവാട്ടിലെ അവസാനത്തേ കാരണവർ. അദ്ദേഹത്തിന്റെ ഭരണകാലത്ത്, 1927-ൽ ആലുംമൂട്ടിൽ തറവാട്ടിലെ ആദ്യത്തെ 'ആളോഹരി ഭാഗം' നടന്നു. ഗുരുശാപത്തിൽ നിന്നും മോചനം നേടാൻ കുടുംബത്തിലെല്ലാവർക്കും അഭിപ്രായമുണ്ടായിരുന്നതിനാൽ, 1927 നവംബറിൽ നടത്തിയ ആളോഹരി ഭാഗത്തിൽ ഇതുസംബന്ധിച്ച് എഴുതി രജിസ്റ്റർ ചെയ്ത ഭാഗപത്രത്തിലെ 14-ാം ഖണ്ഡിക താഴെക്കൊടുക്കുന്നു.

'' നമ്മുടെ വകയായി മദ്രാസ് പട്ടണത്തിൽ പരശുപാകത്ത് ഹണ്ടേർസ് റോഡിൽ സർവേ 1476-ഉം 900-ഉം നമ്പർ വസ്തുക്കളും അതിലുള്ള 39-ാം നമ്പർ ഇട്ടിരിക്കുന്നതും ആയ കെട്ടിടങ്ങളും സ്ഥലവുംകൂടി ചേർത്ത് സമുദായ നന്മയ്ക്കും, ധർമ്മത്തിനും വേണ്ടി കുലഗുരുവായ ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ പേർക്ക് ദാനയാധാരമായി കൊടുക്കണമെന്ന് നമ്മൾ എല്ലാവർക്കും അഭിപ്രായമായിരിക്കുന്നതും, അതനുസരിച്ച് ടി സ്ഥലവും കെട്ടിടങ്ങളും ഇന്നുമുതൽ വിട്ടുകൊടുത്തിരിക്കുന്നതും, അതിന്റെ നാളിതു മുതൽക്കുള്ളതായ ആദായം സ്വാമിതൃപ്പാദങ്ങളിൽ നിന്നും വാങ്ങിച്ചുകൊള്ളുന്നതിനും നമ്മൾ എല്ലാവരും പൂർണമായി സമ്മതിച്ചിരിക്കുന്നതും, ടി വസ്തുവിനു ദാന ആധാരം എഴുതി രജിസ്ട്രാക്കി കൊടുക്കുന്നതിന് 17-ാം പേരുകാരനെ അധികാരപ്പെടുത്തിയിരിക്കുന്നതും, ആധാരം രജിസ്ട്രാക്കി സ്വാമി തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നതിന് 17-ാം പേരുകാരൻ ഒരുമാസത്തിൽ കൂടുതലായി താമസം വരുത്തിയാൽ, മേൽപ്പറഞ്ഞ പ്രകാരം ഒരു ദാനയാധാരം എഴുതി രജിസ്ട്രാക്കി കൊടുക്കുന്നതിന് 2-ാം പേരുകാരന് അധികാരമുള്ളതും ആകുന്നു."

17-ാം പേരുകാരൻ എ.കെ. ഗോവിന്ദദാസ് (എ.കെ. ഗോവിന്ദൻ ചാന്നാർ) ഗുരുദേവന്റെ അടുത്ത ഗൃഹസ്ഥ ശിഷ്യനായിരുന്നു - ശിവഗിരിയിൽ 'വനജാക്ഷി മന്ദിരം" പണിയിച്ചത് ഇദ്ദേഹമായിരുന്നു. ഭാഗപത്രത്തിൽ നിർദ്ദേശിച്ച പ്രകാരം ഗുരുശിഷ്യനായ ഗോവിന്ദദാസ് ഗുരുദേവന്റെ പേർക്ക് ദാനയാധാരം തയ്യാറാക്കി രജിസ്റ്റർചെയ്തു സ്വാമി തൃപ്പാദങ്ങളിൽ 1927 ഡിസംബറിൽത്തന്നെ സമർപ്പിച്ച് ഗുരുവിന്റെ അനുഗ്രഹം നേടി. ഇന്ന് ഈ സ്ഥലം ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ കീഴിലാണ്. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഏറ്റവും ആധുനിക രീതിയിലുള്ള പുതിയ കെട്ടിടവും ഗുരുമന്ദിരവും അടുത്തകാലത്ത് അവിടെ നിർമ്മിച്ചിട്ടുണ്ട്.

(ലേഖകന്റെ ഫോൺ: 9447094516)