thoppuvila-vatter-tank

വക്കം: ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ തോപ്പുവിള കോളനിയിലെ ജലസംഭരണ ടാങ്ക് കാടുകയറി നശിക്കുന്നു. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഒന്നായ തോപ്പുവിള കോളനിയിൽ കുടിവെള്ളം എത്തിക്കാൻ 1996 - 97 സാമ്പത്തികവർഷത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണീ കൂറ്റൻ വാട്ടർടാങ്ക്. ടാങ്കിന്റെയും ജലവിതരണത്തിന്റെയും ഉദ്ഘാടനം അന്നത്തെ മന്ത്രി രാധാകൃഷ്ണൻ നിർവഹിച്ചു. ടാങ്കിൽ കുടിവെള്ളം എത്തിക്കാൻ താഴെയുള്ള തുമ്പോട്ടുകോണം കുളത്തിൽ പമ്പ്സെറ്റ് സ്ഥാപിച്ചു. ടാങ്കിൽ നിന്ന് ചെറിയ പൈപ്പ് ലൈൻ വഴി മുപ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചിരുന്നു. എന്നാൽ നാളുകൾക്കുള്ളിൽത്തന്നെ പദ്ധതി അവതാളത്തിലായി. വെള്ളം എത്തുന്ന വീടുകളുടെ എണ്ണം കുറഞ്ഞു. വേനലിൽ കുളത്തിലെ വെള്ളം വറ്റി. പമ്പിംഗ് നിലച്ചു. മഴക്കാലത്ത് വീണ്ടും പമ്പിംഗ് പുനരാരംഭിക്കാൻ തുടങ്ങിയപ്പോൾ ഗാർഹിക കണക്‌ഷൻ മിക്കതും ഇല്ലാതെയായി. പിന്നീട് പമ്പ്ഹൗസിൽ നിന്ന് പമ്പും അപ്രത്യക്ഷമായി. പിന്നെ ആരും തന്നെ ഇവിടെ തിരിഞ്ഞുനോക്കിയില്ല. അതോടെ അവശേഷിക്കുന്ന സാധനങ്ങളും നഷ്ടപ്പെട്ടു.

ടാങ്ക് നിർമ്മിച്ചത് - 1996 - 97 ൽ

നിർമ്മാണച്ചെലവ് - 15 ലക്ഷം രൂപ

പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നത്

30 ഓളം കുടുംബങ്ങൾക്ക്

ജലസംഭരണിയുടെ ഇന്നത്തെ അവസ്ഥ

ടാങ്കിന്റെ പലയിടങ്ങളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. പാഴ്ചെടികളും വളർന്നു. പായൽ കൊണ്ട് മൂടിയ ടാങ്ക് ഇന്ന് കറുത്ത കരിങ്കല്ല് പോലെയാണ്. എല്ലാ വേനൽക്കാലങ്ങളിലും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന മേഖലയാണിത്.

പ്രശ്നം

വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് അവകാശത്തർക്കങ്ങൾ ഉള്ളതായി നാട്ടുകാർ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് വാട്ടർടാങ്ക് ഇപ്പോൾ നിൽക്കുന്നതെന്ന് ഇവർ പറയുന്നു. എന്നാൽ ടാങ്ക് നിലനിൽക്കുന്ന വസ്തുവിനോട് ചേർന്നുള്ള ഭൂമിയടക്കം ഈ മേഖലയിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത് അധികൃതർ.

ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമായ സ്ഥലമാണ് തോപ്പുവിള. എല്ലാ വേനലിലും ഇവിടെ കുടിവെള്ളം കിട്ടാക്കനിയാണ്. അതുകൊണ്ടുതന്നെ തോപ്പുവിളയിലെ ടാങ്ക് സംരക്ഷിക്കുകയും, കുടിവെള്ള വിതരണം പുനരാംഭിക്കുകയും വേണം.

ജി. രതീഷ് കുമാർ, മുൻ ഒറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം