k-surendran-

തിരുവനന്തപുരം: സംസ്ഥാനത്ത് കർഷകർ നട്ടം തിരിയുമ്പോൾ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് നേതാക്കൾ നഗ്നപാദരായി ഡൽഹിയിലേക്ക് പദയാത്ര നടത്തിയത് വിരോധാഭാസമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും സംയുക്തമായി ഗുജറാത്തിലെ ആനന്ദിൽ സംഘടപ്പിച്ച ജൈവ കൃഷി സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കർഷക മോർച്ച തിരു.ജില്ലാ കമ്മറ്റി തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൈവ കൃഷിയിലേക്ക് എല്ലാവരും മാറണം. കർഷകരെ സഹായിക്കുന്നതിയാണ് കേന്ദ്ര സർക്കാർ നിലകൊള്ളുന്നതും കാർഷിക നിയമങ്ങൾ കൊണ്ടുവന്നതും. എന്നാൽ അത് മനസിലാക്കാതെ ചില മുടന്തൻ രാഷ്ട്രീയപ്രസ്ഥാങ്ങളുടെ സമ്മർദവും കപടതയും കാരണം കർഷകർ കേന്ദ്രസർക്കാരിനെതിരെ തിരിഞ്ഞു. ഇതിന്റെ ഭവിഷ്യത്തും നഷ്ടവും ഭാവിയിൽ രാജ്യം നേരിടേണ്ടി വരും .

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന ഇ.ശ്രീധരന്റെ പ്രസ്താവന കേട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ച് മാദ്ധ്യമങ്ങൾ വാർത്ത സൃഷ്ടിക്കേണ്ട. അദ്ദേഹത്തിന്റെ സേവനം തുടർന്നും ലഭിക്കുമെന്നതിൽ സംശയമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കർഷക മോർച്ച തിരു.ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ്, ബി.ജെ.പി തിരു.ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുദർശൻ, ഗിരികുമാർ, സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ ശിവൻകുട്ടി, ആർ.എസ്.രാജീവ് എന്നിവർ പങ്കെടുത്തു.