fran

നെയ്യാറ്റിൻകര: അധികാരത്തിലേറി ഒരു വർഷം പൂർത്തിയാക്കിയിട്ടും ശ്മശാന നിർമ്മാണം നടപ്പാക്കാത്തതിനെതിരെ നഗരസഭാ കൗൺസിലിന്റെ ഒന്നാം വാർഷിക ദിനത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാൻ നെയ്യാറ്റിൻകരയിൽ കരിദിനാചരണം നടത്തി.

നെയ്യാറ്റിൻകരയിൽ പൊതുശ്മശാനം വേണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുളള ആവശ്യം നടപ്പാക്കത്തിൽ പ്രതിഷേധിച്ചായിരുന്നു കരിദിനാചരണം. മാറി വരുന്ന നഗരസഭാ കൗൺസിലുകളുടെ പ്രകടന പത്രികയിലെ പ്രഥമ പരിഗണന ശ്മശാന നിർമ്മാണത്തിനാണെങ്കിലും അധികാരത്തിലെത്തിയ ഇടത്, വലത് കൗൺസിലുകൾക്കൊന്നും ഇതുവരെ പദ്ധതി യാഥാ‌ർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് 'കേരളകൗമുദി' നിരവധി തവണ വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. നഗരസഭയ്ക്ക് ശ്മശാന നിർമ്മാണത്തിനായി സ്വന്തമായി സ്ഥലമുണ്ടെങ്കിലും ജനങ്ങളുടെ പ്രതിഷേധമാണ് പദ്ധതി നടപ്പിലാക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് കൗൺസിലുകളുടെ അഭിപ്രായം. കടവംകോട്, കോട്ടൂർ - അയണിയറത്തല കോളനികൾക്ക് സമീപത്തായാണ് നഗരസഭ പൊതുശ്മശാനം നിർമ്മിക്കാനുദ്ദേശിക്കുന്നതെന്നും അത് ഇവിടെ ഇടുങ്ങിയ റോഡിനിരുവശത്തുമായി താമസിക്കുന്ന കോളനിവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ജനകീയ സമിതിയുടെയും അഭിപ്രായം. പട്ടികജാതിക്കാരായ പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നതിനായി പട്ടികജാതി ഫണ്ട് ഉപയോഗിച്ച് മുൻ പെരുമ്പഴുതൂർ പഞ്ചായത്ത് ഭരണസമിതി വാങ്ങിയ സ്ഥലമാണ് നഗരസഭ ശ്മശാനത്തിനായി കണ്ടെത്തിയിരിക്കുന്നതെന്നും ഇവിടെ ശ്മശാനം നിർമ്മാണം നിയമപരമായി നിലനില്‍ക്കില്ലായെന്നുമാണ് നഗരസഭ പ്രതിപക്ഷത്തിന്റെ പ്രതികരണം. നെയ്യാറ്റിൻകര പനങ്ങാട്ടുകരിയിൽ സേവാസാധന വാങ്ങി നൽകിയ 35 സെന്റ് സ്ഥലത്ത് പൊതുശ്മശാനം യാഥാർത്ഥ്യമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മാറനല്ലൂരും പാറശ്ശാലയിലും ചുരുങ്ങിയ കാലയളവിൽ ശ്മശാനനിർമ്മാണം യാഥാർത്ഥ്യമായിട്ടും നെയ്യാറ്റിൻകരയിൽ ശ്മശാനം വൈകുന്നത് രാഷ്ട്രീയക്കളികളാണെന്നാണ് ആരോപണം.

ഫ്രാൻ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ കരിദിനാചരണം ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി. മുരളീധരൻ, തിരുപുറം ശശികുമാരൻ നായർ എം. രവീന്ദ്രൻ, ജി. പരമേശ്വരൻ നായർ, അഡ്വ. തലയൽ പ്രകാശ്, അമരവിള സതികുമാരി, നിലമേൽ മുരളിധരൻ നായർ, എസ്. മോഹന കുമാർ എന്നിവർ പങ്കെടുത്തു.