mohammad-riyaz

തിരുവനന്തപുരം :സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുമരാമത്ത് റോഡുകൾ, കെട്ടിടങ്ങൾ,പാലങ്ങൾ റെസ്റ്റ് ഹൗസുകൾ എന്നിവയുടെ സ്ഥിതി പരിശോധിച്ച് പോരായ്‌മകൾ കണ്ടെത്താനും നിർമ്മാണ പ്രവൃത്തികൾ നിരീക്ഷിക്കാനും ഉയർന്ന ഉദ്യോഗസ്ഥരുടെ നിരീക്ഷണസംഘം ജനുവരിയിൽ ആരംഭിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സൂപ്രണ്ടിംഗ് എൻജിനീയർ, എക്സി. എൻജിനീയർ, അസി. എക്സിക്യുട്ടീവ് എൻജിനീയർ എന്നിവരിൽ ഒരാൾക്കായിരിക്കും ഓരോ മണ്ഡലത്തിന്റെയും ചുമതല. സംസ്ഥാന തലത്തിൽ മൂന്ന് ചീഫ് എൻജിനിയർമാർക്കാണ് മേൽനോട്ടം. ഇതിൽ രണ്ടു പേർക്ക് പൊതു ഉത്തരവാദിത്വവും, ഒരാൾക്ക് മെയിന്റൻസ് പ്രവൃത്തികളുടെ ചുമതലയുമായിരിക്കും. ഇതിന്റെയെല്ലാം നിരീക്ഷണം മന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തും. സുതാര്യതയും ഗുണമേന്മയും ഉറപ്പു വരുത്താനും ,സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനും ഇതിലൂടെ സാധിക്കും. റോഡ് പരിപാലനത്തിനായിരിക്കും പ്രധാന ശ്രദ്ധ. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുമായി ചർച്ച നടത്തിയാണ് പദ്ധതി തയ്യാറാക്കിയത്.

ഉദ്യോഗസ്ഥർ ഫീൽഡിൽ പോയി നേരിട്ട് പരിശോധന നടത്തി ഫോട്ടോയും വീഡിയോയും സഹിതം റിപ്പോർട്ട് നൽകണമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ 1300 എൻജിനീയർമാരാണുള്ളത്. വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ അറിയുന്നതിന് പ്രോജക്ട് മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡ് നന്നാക്കാൻ

213 കോടി രൂപ

മഴ കഴിഞ്ഞുള്ള റോഡുകളുടെ പുനർനിർമ്മാണത്തിന് 213.41 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു. കഴിഞ്ഞ മേയിൽ അധികാരമേറ്റ പുതിയ സർക്കാർ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ മഴ തുടങ്ങി. നവംബർ അവസാനം വരെ റെക്കാഡ് മഴ ലഭിച്ചതാണ് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. റണ്ണിംഗ് കോൺട്രാക്ട് നടപ്പാകുന്നതോടെ റോഡുകളുടെ തകർച്ച പരിഹരിക്കാനാവും.