മുടപുരം:തെരുവ് നായയുടെ കടിയേറ്റ 6ാം ക്ലാസ് വിദ്യാർത്ഥിനിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30ന് അഴൂർ മുട്ടപ്പലം ചിറ്റാരിക്കോണം ജംഗ്ഷന് സമീപമായിരുന്നു സംഭവം. തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി ആട്ടോയിൽ സ്കൂളിൽ പോകുന്നതിനുവേണ്ടി റോഡിൽ എത്തിയപ്പോഴാണ് തെരുവ് നായ കടിച്ചത്. ചിറ്റാരിക്കോണം, മുട്ടപ്പലം തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കുട്ടികൾ ഉൾപ്പടെ നാട്ടുകാർക്ക് വഴിനടക്കാൻ കഴിയാത്ത അവസ്ഥയാണ് ഈ പ്രദേശങ്ങളിൽ. അതിനാൽ ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.