
തിരുവനന്തപുരം: അർദ്ധ അതിവേഗ പാതയായ കെ-റെയിലിനെച്ചൊല്ലി ജനങ്ങൾ ഉയർത്തുന്ന ആശങ്കൾ ദൂരീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വാദമുയർന്നു. ജനങ്ങളുടെ ആശങ്കകൾ അകറ്റുന്ന തരത്തിൽ തൃപ്തികരമായ വിശദീകരണങ്ങളല്ല ഉണ്ടായിട്ടുള്ളതെന്നും വിമർശനമുയർന്നു.
ചർച്ചയ്ക്കുള്ള മറുപടിയിൽ വിമർശനങ്ങളെ തള്ളിക്കളഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെ-റെയിൽ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണെന്നും എല്ലാ ആശങ്കകളും ദൂരീകരിക്കുമെന്നും വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിന്നീട് വാർത്താസമ്മേളനത്തിലും കെ-റെയിലിനെ കാനം ന്യായീകരിച്ചു. കെ-റെയിൽ പോലുള്ള പുതിയ പദ്ധതികൾ വരുമ്പോൾ ആശങ്കകൾ സ്വാഭാവികമാണ്. പുതിയ പദ്ധതികളെ എതിർക്കുന്നത് വിപ്ലവമാണെന്ന് കരുതുന്നില്ല. കെ-റെയിലിനെതിരെ യു.ഡി.എഫ് എം.പിമാർ കേന്ദ്രത്തിന് നിവേദനം നൽകിയത് കേരളത്തോടുള്ള വഞ്ചനയാണ്. നിവേദനത്തിൽ ശശി തരൂർ ഒപ്പിടാത്തതെന്തെന്ന് അദ്ദേഹത്തോട് ചോദിക്കണം. മുംബയ്- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിനിനെയും പൂനെ- നാസിക് അതിവേഗ ട്രെയിനിനെയും സി.പി.ഐയും സി.പി.എമ്മും എതിർക്കുന്നുണ്ടല്ലോയെന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ, വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചാണ് അവിടത്തെ പാർട്ടികൾ നിലപാടുകളെടുക്കുന്നതെന്ന് കാനം പറഞ്ഞു
എസ്. രാജേന്ദ്രന്റെ കാര്യം
സസ്പെൻസിൽ
വിവിധ പാർട്ടികളിൽ നിന്ന് ധാരാളം പേർ സി.പി.ഐയിലെത്തുന്നുണ്ടെന്നും പലരുമായും സംഭാഷണം നടത്തുകയാണെന്നും കാനം പറഞ്ഞു. സി.പി.എമ്മിലെ മുൻ എം.എൽ.എ എസ്. രാജേന്ദ്രനും അക്കൂട്ടത്തിലുണ്ടോയെന്ന ചോദ്യത്തിന്, ഒരു സസ്പെൻസ് നിൽക്കട്ടെയെന്ന് കാനം മറുപടി നൽകി.
സി.പി.ഐ നിലപാട് ശരിവച്ചാണ് മറ്റ് പാർട്ടികളിൽ നിന്ന് ധാരാളം പേർ വരുന്നത്. സി.പി.എമ്മിയിലെ കുഴപ്പക്കാരെ സി.പി.ഐ സ്വീകരിക്കുന്നുവെന്ന എം.വി. ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ സി.പി.ഐയിൽ നിന്ന് പോയവരാണ് സി.പി.എമ്മുകാരെന്നും ജയരാജന് ചരിത്രമറിയില്ലെന്ന് താൻ കരുതുന്നില്ലെന്നുമായിരുന്നു മറുപടി.